കരിപ്പൂർ: എസ് വൈ എസ് സമരത്തിന് ഉജ്ജ്വല തുടക്കം; 11ന് കുടുംബസമരം

Posted on: September 5, 2020 6:57 pm | Last updated: September 6, 2020 at 8:00 am
കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് വിമാനത്താവള പരിസരത്ത് സംഘടിപ്പിച്ച നിൽപ്പ്
സമരത്തിൽ നിന്ന്

കരിപ്പൂർ | കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമായി.

വിമാനത്താവള പരിസരത്ത് സംസ്ഥാന നേതാക്കൾ നടത്തിയ നിൽപ്പ് സമരത്തോടെയാണ് പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമായത്. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി പി സൈതലവി ചെങ്ങര ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മജീദ് കക്കാട്, സെക്രട്ടറിമാരായ മുഹമ്മദ് പറവൂർ, എം മുഹമ്മദ് സ്വാദിഖ്, അബൂബക്കർ മാസ്റ്റർ പടിക്കൽ, റഹ്്മത്തുല്ല സഖാഫി എളമരം, എം വി സിദ്ദീഖ് സഖാഫി പ്രസംഗിച്ചു.

കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിക്കും എയർപോർട്ട് അതോറിറ്റിക്കുമുള്ള നിവേദനം സമരത്തിൽ വെച്ച് ഓൺലൈനായി സമർപ്പിച്ചു.
ഈ മാസം 11 ന് വൈകുന്നേരം അഞ്ച് മുതൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രസ്ഥാന കുടുംബങ്ങൾ വീട്ടുപടിക്കൽ കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയർത്തി കുടുംബസമരം നടത്തും.

ALSO READ  കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല; എസ് വൈ എസ് സമരാരംഭം നാളെ