കോടതി വിധിച്ച ശിക്ഷയായ ഒരു രൂപ പിഴ അടക്കും: പ്രശാന്ത് ഭൂഷണ്‍

Posted on: September 5, 2020 5:14 pm | Last updated: September 5, 2020 at 5:14 pm

ന്യൂഡല്‍ഹി | ജസ്റ്റിസുമാരെ വിമര്‍ശിച്ചതിനെതിരായ കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി വിധിച്ച ഒരു രൂപ പിഴ അടക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍. കോടതി വിധിച്ച പിഴ അടക്കാത്തതിന്റെ പേരില്‍ ജയിലില്‍ പോകാന്‍ താത്പര്യമില്ല. എന്നാല്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചിരുന്നെങ്കില്‍ സന്തോഷത്തോടെ സ്വീകരിക്കുമായിരുന്നെന്നും ദ ക്വിന്റിന് അനുവദിച്ച അഭിമുഖ്യത്തില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

സുപ്രീംകോടതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജയിലില്‍ പോകാനുള്ള സാധ്യത പരിശോധിച്ചിരുന്നു. അങ്ങനെ പലരും ജയിലില്‍ പോകുന്നു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു മുത്തച്ഛന്‍മാര്‍ വര്‍ഷങ്ങളായി ജയിലില്‍ കിടന്നു. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ടു നിരവധി പേര്‍ ജയിലില്‍ കഴിയുന്നു. ഒരുപക്ഷേ ആറ് മാസത്തേക്ക് ജയില്‍ ശിക്ഷ വിധിച്ചിരുന്നെങ്കില്‍ ഏറ്റവും ഫലപ്രദമായി ആ സമയം താന്‍ വിനിയോഗിക്കുമായിരുന്നു.

പരമോന്നത കോടതിയില്‍ ഒരിക്കലും പ്രതീക്ഷ നശിച്ചിട്ടില്ല. പരിഷ്‌കരണമുണ്ടാകുമെന്ന വിശ്വാസത്തിലാണു സുപ്രീം കോടതിക്കു നേരെയുള്ള തന്റെ വിമര്‍ശനം. പ്രതീക്ഷ നശിക്കാന്‍ പാടില്ല. എന്നാല്‍, ഇതെല്ലാം നോക്കിക്കാണുമ്പോള്‍ ഒരിക്കലും നിഷ്‌കളങ്കതയുടെ മുഖം അണിയാനും കഴിയില്ലെന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.