Kerala
വെഞ്ഞാറമൂട് ഇരട്ടക്കൊല: ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയിൽ

തിരുവനന്തപുരം | വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ അൻസർ പോലീസ് പിടിയിൽ. കേസിലെ രണ്ടാം പ്രതിയാണ് അൻസർ. ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെയാണ് ഇയാൾ പൊലീസ് പിടിയിലായത്.
അൻസറാണ് ആക്രമിച്ചതെന്നാണ് സാക്ഷികൾ പറയുന്നത്. എന്നാൽ, ഇയാൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നായിരുന്നില്ല എന്നതാണ് നേരത്തെ അറസ്റ്റിലായ പ്രതികളുടെ മൊഴി. ഈ വൈരുദ്ധ്യത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്.
ഇതോടെ വെഞ്ഞാറമൂട് ഇരട്ട കൊലപാതകക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ഇതില്‍ കൂടുതല്‍ പേരും കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകരാണ്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഐ എന്‍ ടി യു സി പ്രാദേശിക നേതാവായ മദപുരം ഉണ്ണിയടക്കം നേരത്തെ പിടിയിലായിരുന്നു. ഇതോടെ കൊലപാതകത്തിന്റെ ഗൂഢാലോചന അടക്കമുള്ള വിഷയങ്ങളിലേക്ക് പോലീസ് അന്വേഷണം വ്യാപിക്കും. ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തോ എന്നും പോലീസ് പരിശോധിക്കും.
കഴിഞ്ഞ ആഗസ്റ്റ് 31ന് പുലര്‍ച്ചെയാണ് വെഞ്ഞാറമ്മൂട്ടിന് സമീപം മിദ്‌ലാജ് (30), ഹഖ് മുഹമ്മദ് (24) എന്നിവരെ വെട്ടിക്കൊല്ലുന്നത്. നിരവധി മുറിവുകള്‍ ഇരുവരുടേയും മുഖത്തും തലയിലും ഉണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.