സഊദിയിലെ ദവാദ്മിയില്‍ വാഹനാപകടം; മലയാളിയടക്കം നാല് പേര്‍ മരിച്ചു

Posted on: September 4, 2020 11:53 pm | Last updated: September 5, 2020 at 7:20 am

റിയാദ് | സഊദി അറേബ്യയിലെ ദവാദ്മിയില്‍ വാനും പിക്കപ്പും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയടക്കം നാല് പേര്‍ മരിച്ചു. കൊല്ലം അഴൂര്‍ വട്ടപ്പാറ സ്വദേശി ജംഷീര്‍(30) ആണ് മരിച്ച മലയാളി. ട്രെയ്‌ലര്‍ ഡ്രൈവറും അപകടത്തില്‍ മരിച്ചു. ജംഷീറിന്റെ കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് സുധീറിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദവാദ്മിയിലേക്ക് പച്ചക്കറിയുമായി വരികയായിരുന്ന വാനിനെ മറികടക്കാനുള്ള, സ്വദേശികള്‍ സഞ്ചരിച്ച പിക്കപ്പ് വാഹനത്തിന്റെ ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്. നിയന്ത്രണം വിട്ട് പിക്കപ്പ് മറിയുകയും അതുവഴി വന്ന ട്രെയിലറുമായി വാന്‍ കൂട്ടിയിടിക്കുകയും വാഹങ്ങള്‍ക്ക് തീപിടിക്കുകയുമായിരുന്നു. അപകടത്തില്‍ വാനും ട്രെയിലറും പൂര്‍ണമായും കത്തി നശിച്ചു. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ സഊദി സിവില്‍ ഡിഫന്‍സും പോലീസും രക്ഷാപ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കി. മൃതദേഹങ്ങള്‍ ദവാദ്മി ആശുപത്രിയിലേക്ക് മാറ്റി. ആറു മാസങ്ങള്‍ക്ക് മുമ്പാണ് പുതിയ വിസയില്‍ ജംഷീര്‍ സഊദിയിലെത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.