മത്തായിയുടെ മൃതദേഹം നാളെ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും

    Posted on: September 4, 2020 10:59 pm | Last updated: September 4, 2020 at 11:02 pm

    പത്തനംതിട്ട | ചിറ്റാര്‍ കുടപ്പനയില്‍ വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച പി പി മത്തായിയുടെ (പൊന്നു) മൃതദേഹം നാളെ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും. കേസന്വേഷണം സി ബി ഐ ഏറ്റെടുത്തതിനെ തുടര്‍ന്നാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുക. മറവു ചെയ്യാത്ത ഒരു മൃതദേഹം കേസന്വേഷണത്തിന്റെ ഭാഗമായി പോസ്റ്റുമോര്‍ട്ടം നടത്തുന്നത് സി ബി ഐ അന്വേഷണത്തിലെ അപൂര്‍വ സംഭവമാണ്. പോലീസ് സര്‍ജന്‍മാരായ ഡോ. പി ബി ഗുജറാള്‍ (പാലക്കാട്), ഡോ. ഉന്‍മേഷ് (എറണാകുളം), ഡോ. പ്രസന്നന്‍ (കോഴിക്കോട്) എന്നിവരുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുക. ഇതിനായി പ്രത്യേക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. എ ഡി എമ്മിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷമായിരിക്കും പോസ്റ്റുമോര്‍ട്ടം.

    മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം 37 ദിവസത്തിനു ശേഷമാണ് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം അടുത്ത ദിവസം 3.30ന് കുടപ്പനക്കുളം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്‌ക്കരിക്കും. 2019 ജൂണ്‍ 21ന് നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘമാണ് ഇന്ന് പത്തനംതിട്ടയിലുമെത്തുന്നത്.

    കഴിഞ്ഞ ജൂലൈ 28നാണ് മത്തായി വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ചത്. വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന കാമറ തകര്‍ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്ത മത്തായിയുടെ മൃതദേഹം പിന്നീട് കിണറ്റില്‍ കാണപ്പെടുകയായിരുന്നു. മര്‍ദിച്ച ശേഷം കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതായാണ് കുടുംബത്തിന്റെ ആരോപണം. മത്തായിയെ മോചിപ്പിക്കാന്‍ ഇടനിലക്കാരന്‍ വഴി ഭാര്യയോട് പണം ആവശ്യപ്പെട്ടതും വിവാദമായിരുന്നു.

    സംഭവത്തില്‍ വനപാലകരുടെ നടപടികള്‍ ദുരൂഹത നിറഞ്ഞതായിരുന്നു. മത്തായിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് രേഖകള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ജിഡി റജിസ്റ്ററില്‍ കൃത്രിമം നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍, വനംവകുപ്പ് ജീവനക്കാരെ സ്ഥലം മാറ്റിയതൊഴിച്ചാല്‍ മറ്റ് നടപടികള്‍ ഒന്നും ഉണ്ടായില്ല. പിന്നീടു രണ്ടുപേരെ സസ്പെന്‍ഡ് ചെയ്തു. നരഹത്യ, മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകല്‍, കൃത്രിമ രേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വനപാലകര്‍ക്കെതിരെ പോലീസ് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സംഭവത്തില്‍ ആരെയും പ്രതി ചേര്‍ത്തില്ല. പ്രതികളെ അറസ്റ്റു ചെയ്യാതെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്ന നിലപാടില്‍ കുടുംബം ഉറച്ചുനില്‍ക്കുകയായിരുന്നു.