Connect with us

International

രാസായുധ പ്രയോഗത്തിന് സമാനം; നവല്‍നി വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി ഒ പി സി ഡബ്ല്യു

Published

|

Last Updated

ബെര്‍ലിന്‍ | റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ പ്രധാന വിമര്‍ശകരിലൊരാളുമായ അലെക്‌സി നവല്‍നിയെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചതില്‍ കടുത്ത പ്രതികരണവുമായി ആഗോള രാസായുധ വിരുദ്ധ ഏജന്‍സി. ഏതെങ്കിലുമൊരു വ്യക്തിയെ വിഷം നല്‍കി അപായപ്പെടുത്താന്‍ ശ്രമിക്കുന്നത് നിരോധിത രാസായുധം ഉപയോഗിക്കുന്നതിന് സമാനമാണെന്നും വലിയ ആശങ്കക്കിടയാക്കുന്ന വിഷയമാണിതെന്നും രാസായുധ നിരോധനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന (ഒ പി സി ഡബ്ല്യു) പറഞ്ഞു.

നവല്‍നിക്ക് വിഷബാധയേറ്റത് രാസായുധമായ നോവിച്ചോക്കില്‍ നിന്നാണെന്ന് ജര്‍മനി ആരോപിച്ചിരുന്നു. സൈനിക ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ ആന്തരികാവയവത്തില്‍ നോവിച്ചോക്ക് വിഭാഗത്തില്‍പ്പെടുന്ന വിഷാംശം സ്ഥിരീകരിച്ചതായും ജര്‍മനി വ്യക്തമാക്കുകയുണ്ടായി. അടുത്തിടെ ഒ പി സി ഡബ്ല്യു നിരോധിച്ച രാസായുധമാണ് നോവിച്ചോക്ക്. പുടിന്റെ അറിവോടെ വിഷം നല്‍കുകയായിരുന്നുവെന്നാണ് നവല്‍നിയുമായി അടുത്തു പ്രവര്‍ത്തിക്കുന്ന വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍, ആരോപണം റഷ്യ നിഷേധിച്ചിട്ടുണ്ട്. വിഷയത്തില്‍ റഷ്യന്‍ സര്‍ക്കാറിനെതിരെ നടപടി സ്വീകരിക്കണമെന്ന തരത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് യാതൊരു ന്യായീകരണവുമില്ലെന്ന് സര്‍ക്കാര്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. തിടുക്കത്തിലുള്ള തീരുമാനങ്ങളിലേക്ക് എടുത്തു ചാടരുതെന്ന് അദ്ദേഹം മറ്റു രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു.

വിഷം നല്‍കി കൊലക്കു ശ്രമിച്ച സംഭവത്തോട് ഏതു രീതിയില്‍ പ്രതികരിക്കണമെന്നതു സംബന്ധിച്ച് നാറ്റോ സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്ത് ശേഷം തീരുമാനിക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ച്‌ലാ മെര്‍ക്കല്‍ പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ റഷ്യന്‍ അംബാസഡറെ വിളിച്ചു വരുത്തി ആരാഞ്ഞതായി ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസ് വെളിപ്പെടുത്തി. ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ റഷ്യ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ, ബെര്‍ലിനിലെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന നവല്‍നിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, കോമയില്‍ തന്നെയാണ് അദ്ദേഹം ഇപ്പോഴുമുള്ളത്.

കഴിഞ്ഞ മാസമാണ് സൈബീരിയയില്‍ നിന്ന് മോസ്‌കോയിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തില്‍ വച്ച് നവല്‍നി അസുഖബാധിതനായത്. തുടര്‍ന്ന് വിമാനം തിരിച്ചിറക്കി സൈബീരിയയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
സംഭവം അന്വേഷിക്കണമെന്ന് ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള മറ്റു ചില രാഷ്ട്രങ്ങളും റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Latest