മാധ്യമ പ്രവര്‍ത്തകന് മര്‍ദനം; ഏഴുപേര്‍ അറസ്റ്റില്‍

Posted on: September 3, 2020 5:42 pm | Last updated: September 3, 2020 at 9:11 pm

തൊടുപുഴ | ഇടുക്കിയിലെ തൊടുപുഴയില്‍ മധ്യപ സംഘം മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കരിമണ്ണൂര്‍ സ്വദേശികളായ ബിപിന്‍, അജി, ഷെമന്റോ, ശ്യാം, ഷാജി, ഫ്‌ളമന്റ് എന്നിവരെയാണ് ജനയുഗം ലേഖകന്‍ ജോമോന്‍ സേവ്യറിനെ മര്‍ദിച്ചതിന് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 18നും 23നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായവര്‍. 12 അംഗ സംഘമാണ് ജോമോനെ ആക്രമിച്ചത്.

തിരുവോണ ദിവസം രാത്രി പത്തോടെ ബാഡ്മിന്റണ്‍ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി കരിമണ്ണൂര്‍ മാണിക്കുന്നേല്‍ പീടികക്ക് സമീപം വച്ചാണ് ജനയുഗം ഇടുക്കി ജില്ലാ ലേഖകന്‍ കരിമണ്ണൂര്‍ വട്ടക്കുടിയില്‍ ജോമോന്‍ വി സേവ്യറിനെ ആക്രമിച്ചത്. ഓവര്‍ടേക്ക് ചെയ്തത് സംബന്ധിച്ച് ഇരു വാഹനങ്ങളിലെയും യാത്രക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അതുവഴി വന്ന ജോമോന്‍ ഇടപെടുകയായിരുന്നു. ഇതോടെ കാറിലുണ്ടായിരുന്നവര്‍ ജോമോനെ ആക്രമിച്ചു. ഇവര്‍ മദ്യപിച്ചിരുന്നു. ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ജോമോന്റെ തലയ്ക്കും മുഖത്തിനും സാരമായി പരുക്കേറ്റു.