Connect with us

Editorial

പ്രശാന്ത് ഭൂഷണ്‍ കേസും കോടതിയലക്ഷ്യവും

Published

|

Last Updated

അപ്രമാദിത്വമുണ്ടോ ഇന്ത്യയിലെ കോടതികള്‍ക്ക്? കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെ സുപ്രീം കോടതി ശിക്ഷിച്ച പശ്ചാത്തലത്തിലാണ് ഈ ചോദ്യമുയരുന്നത്. ജനാധിപത്യ രാജ്യമാണ് ഇന്ത്യ. വിമര്‍ശങ്ങളെയും എതിര്‍ ശബ്ദങ്ങളെയും വിയോജിപ്പുകളെയും ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്‌കതയാണ് ജനാധിപത്യത്തിന്റെ മുഖ്യ സവിശേഷത. ഭരണാധിപരോ ന്യായാധിപരോ വിമര്‍ശത്തിന് അതീതരല്ല ജനാധിപത്യ വ്യവസ്ഥയില്‍. എന്നിട്ടും കോടതികളുടെ ഇന്നത്തെ പോക്കിനെയും നിലയും വിലയും മറന്നുകൊണ്ടുള്ള ന്യായാധിപന്മാരുടെ ഇടപെടലുകളെയും ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ പ്രശാന്ത് ഭൂഷണിന് ശിക്ഷ വിധിച്ചത്- അതെത്ര ലഘുവായാലും- ശരിയായില്ലെന്ന അഭിപ്രായം നിയമവൃത്തങ്ങളില്‍ ശക്തമാണ്.

ശ്രീറാം പഞ്ചു, അരവിന്ദ് ദതര്‍, ശ്യാം ദിവാന്‍, രാജു രാമചന്ദ്രന്‍, വൃന്ദാ ഗ്രോവര്‍, കാമിനി ജെയ്‌സ്വാള്‍ തുടങ്ങി 1,500ഓളം മുതിര്‍ന്ന അഭിഭാഷകര്‍ പ്രശാന്ത് ഭൂഷണിനെതിരായ വിധിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് പ്രസ്താവനയിറക്കിയിട്ടുണ്ട്. കോടതിയലക്ഷ്യം കാണിച്ച് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ നിശ്ശബ്ദമാക്കുന്നത് സുപ്രീം കോടതിയുടെ സ്വാതന്ത്ര്യത്തെയും ശക്തിയെയും ആത്യന്തികമായി ദുര്‍ബലപ്പെടുത്തുമെന്നും പൊതുസമൂഹത്തില്‍ കോടതിയുടെ വില ഇടിയാന്‍ ഇടയാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. ശിക്ഷ ഒരു രൂപയാണെങ്കിലും പ്രതീകാത്മകമായ മറ്റേതെങ്കിലും രൂപത്തിലാണെങ്കിലും അത് തീര്‍ത്തും അസ്വീകാര്യമാണെന്നാണ് അഭിഭാഷകനും മുന്‍ പാര്‍ലിമെന്റ് അംഗവുമായ സെബാസ്റ്റ്യന്‍ പോളിന്റെ പ്രതികരണം. പൊതുജന താത്പര്യാര്‍ഥം ഉയര്‍ന്നുവരുന്ന ശബ്ദങ്ങളെ കേന്ദ്രം നീതിപീഠത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്നാണ് പ്രശസ്ത കന്നട എഴുത്തുകാരന്‍ ദേവനൂര്‍ മഹാദേവന്‍ പറയുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം അടിയന്തരാവസ്ഥക്കാലത്ത് പോലും ഇന്ത്യക്ക് ഇത്തരമൊരു ദുരവസ്ഥ സഹിക്കേണ്ടി വന്നിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് ജുഡീഷ്യറിയിലും രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിലുമെല്ലാം ചെറുത്തുനില്‍പ്പ് നിലനിന്നിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മറ്റു പല നീതിനിര്‍വഹണ വ്യവസ്ഥകളെയും പോലെ കോടതിയലക്ഷ്യം എന്ന ആശയവും ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിലേക്ക് കടന്നുവന്നത് ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത് അവരുടെ നിയമത്തില്‍ നിന്നാണ്. നിയമം എന്നത് രാജകല്‍പ്പനയായി കണക്കാക്കിയിരുന്ന കാലത്ത്, കോടതികള്‍ക്കെതിരെയുള്ള വിമര്‍ശം രാജാവിനെതിരായ വിമര്‍ശമായി കണക്കാക്കിയാണ് ബ്രിട്ടനില്‍ ഇത് കുറ്റകരമായ ഒരു കൃത്യമായി ഗണിച്ചിരുന്നത്. രാജാവില്‍ നിന്ന് വേറിട്ട് കോടതികള്‍ക്ക് പ്രത്യേകം അസ്തിത്വം ഇല്ലാതിരുന്ന അക്കാലയളവില്‍ കോടതികളോടുള്ള ഏത് തരത്തിലുള്ള എതിര്‍പ്പും രാജാവിനോടുള്ള എതിര്‍പ്പായി കണ്ടിരുന്നു.

അല്‍മോണ്‍ (1765) കേസിലെ ജസ്റ്റിസ് വില്‍മോട്ടിന്റെ ചില നിരീക്ഷണങ്ങളാണ് കോടതിയലക്ഷ്യ നിയമത്തിന്റെ പൊതു മാനദണ്ഡമായി മാറിയത്. കോടതിയെ അവഹേളിക്കുന്ന തരത്തിലുള്ളതാണെങ്കില്‍ ഒരു ന്യായാധിപനെതിരായോ കോടതിക്കെതിരായോ ഉള്ള വിമര്‍ശങ്ങള്‍ക്ക് ശിക്ഷ നല്‍കണമെന്നായിരുന്നു വില്‍മോട്ടിന്റെ നിരീക്ഷണം. കോടതികള്‍ രാജാവിന്റെയോ ഭരണകൂടത്തിന്റെയോ മറ്റൊരു മുഖമായിരുന്ന ഒരു ഭരണ സംവിധാനത്തില്‍, ഭരണകൂടത്തോടുള്ള ജുഡീഷ്യറിയുടെ വിധേയത്വത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതായിരുന്നു ഈ നിരീക്ഷണം. എന്നാല്‍, ജനാധിപത്യത്തിന്റെ വികാസത്തോടെ ഇംഗ്ലണ്ടിലും യൂറോപ്പിലും ജസ്റ്റിസ് വില്‍മോട്ടിന്റെ നിരീക്ഷണങ്ങള്‍ വിശാലമായ വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാകുകയും, കോടതികളുടെ നിയമനിര്‍വഹണ സംവിധാനത്തെ നേരിട്ട് തടസ്സപ്പെടുത്തുന്നതിന് മാത്രം ചുമത്താവുന്ന കുറ്റമായി കോടതിയലക്ഷ്യം മാറുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഇന്ത്യയുള്‍പ്പെടെ തങ്ങളുടെ കോളനി രാജ്യങ്ങളില്‍ ആരോഗ്യകരമായ വിമര്‍ശത്തിന് പച്ചക്കൊടി കാട്ടിയാല്‍ അതവരുടെ വിമോചന പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകുകയും തങ്ങളുടെ ഭരണപരമായ നിലനില്‍പ്പ് അപകടത്തിലാകുകയും ചെയ്യുമെന്ന ഭയത്താല്‍ അത്തരം രാജ്യങ്ങളില്‍ കോടതിയലക്ഷ്യത്തിന് അവര്‍ പഴയ നിര്‍വചനം തന്നെ തുടര്‍ന്നു.

വൈദേശിക ഭരണകൂടത്തിന്റെ അധീശത്വ ചിന്തയില്‍ നിന്നുരുത്തിരിഞ്ഞ കോടതിയലക്ഷ്യത്തിന്റെ ഈ വ്യാഖ്യാനം സ്വാതന്ത്ര്യാനന്തരവും തുടര്‍ന്നുവരികയായിരുന്നു. കൂടാതെ, മതേതര ഭരണഘടനാ റിപ്പബ്ലിക് എന്ന ആശയത്തെ നിരാകരിക്കുകയും വിയോജിപ്പുകളെ ഭയക്കുകയും ചെയ്യുന്ന സംഘ്പരിവാറിന്റെ ഫാസിസ്റ്റ് അജന്‍ഡകളും കോടതികളെ സ്വാധീനിച്ചിട്ടുണ്ടോയെന്ന് സന്ദേഹിക്കപ്പെടുന്നുണ്ട്. റാഫേല്‍ ആയുധ ഇടപാട്, ഇലക്ടറല്‍ ബോണ്ട്, നിയമസഭാംഗങ്ങളുടെ കൂറുമാറ്റം, അയോധ്യ കേസ്, ശബരിമല വിധിയുടെ പുനഃപരിശോധന, കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളയല്‍ തുടങ്ങി നിരവധി കോടതി വിധികളില്‍ ആ സ്വാധീനം വായിച്ചെടുക്കുന്നുണ്ട് നിയമജ്ഞര്‍.

ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് നിരീക്ഷകര്‍ പ്രശാന്ത് ഭൂഷണിനെ കുറ്റക്കാരനായി കണ്ട കോടതി വിധിയെ നോക്കിക്കാണുന്നത്. തന്റെ ട്വീറ്റുകളില്‍ കോടതികളെ അവഹേളിക്കുന്ന ഒരു വരി പോലുമില്ലെന്നും കോടതിയുടെ മഹിമ ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ ശ്രമിച്ചതെന്നും പ്രശാന്ത് ഭൂഷണ്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. മാപ്പ് പറയാന്‍ ഒന്നിലധികം തവണ അവസരം കൊടുത്തിട്ടും അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചു നിന്നതും ഇതുകൊണ്ടാണ്. കോടതിക്ക് ബോധ്യപ്പെട്ടില്ലെങ്കിലും സര്‍ക്കാറിനെ പ്രതിനിധാനം ചെയ്ത് കേസില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന് പോലും പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റില്‍ ദുരുദ്ദേശ്യപരമായ ഒന്നുമില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കരുതെന്ന് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടതില്‍ നിന്ന് വ്യക്തമാകുന്നത് അതാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ജനാധിപത്യം ഏറെ വികാസം പ്രാപിച്ചിരിക്കെ, ആരോഗ്യകരമായ വിമര്‍ശങ്ങളെ കോടതി അവഹേളനമായി വ്യാഖ്യാനിക്കുന്ന കൊളോണിയല്‍ വീക്ഷണത്തെ ഇനിയും നാം തലയിലേറ്റേണ്ടതുണ്ടോ? ഇക്കാര്യത്തില്‍ ഒരു തുറന്ന ചര്‍ച്ച ആവശ്യമാണ്.

---- facebook comment plugin here -----

Latest