Connect with us

Malappuram

പതിനൊന്നാം വയസ്സില്‍ ഖുര്‍ആന്‍ മന:പ്പാഠമാക്കി അത്ഭുതം സൃഷ്ടിച്ച് ഫാത്വിമ റൈഹാന കുന്ദമംഗലം

Published

|

Last Updated

മലപ്പുറം | പതിനൊന്നാം വയസ്സില്‍ ഖുര്‍ആന്‍ പൂര്‍ണ്ണമായും മന:പ്പാഠമാക്കി അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് മഅ്ദിന്‍ ക്യൂലാന്റ് വിദ്യാര്‍ത്ഥിനി ഫാത്വിമ റൈഹാന. കോഴിക്കോട് കുന്ദമംഗലം സ്വദേശിനിയായ ഈ മിടുക്കി മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ വനിതാ ഹിഫ്ള് ക്യാമ്പസായ ക്യൂ ലാന്റ് ഡയറക്ടര്‍ സൈനുദ്ധീന്‍ നിസാമിയുടെയും അധ്യാപിക ഹാജറയുടെയും മകളാണ്.
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഫാത്വിമ റൈഹാന ഖുര്‍ആന്‍ മന:പ്പാഠമാക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചത്. ഉമ്മ തന്റെ വിദ്യാര്‍ത്ഥിനികളെ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് കണ്ടും കേട്ടുമാണ് ഖുര്‍ആന്‍ പഠനം ആരംഭിച്ചത്. ഏഴ് വയസ് പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ ഖുര്‍ആനില്‍ നിന്നും ഒരു ജുസ്അ് മന:പ്പാഠമാക്കി. അതിനുള്ള അഭിനന്ദനമായി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമ്മാനം നല്‍കി. അതോടെ ഫാത്വിമ റൈഹാനക്ക് ഖുര്‍ആന്‍ കൂടുതല്‍ പഠിക്കണമെന്ന വാശിയായി. എട്ടാം വയസ്സില്‍ 10 ജുസ്അ് മന:പ്പാഠമാക്കി.
തന്റെ വലിയുപ്പ മുഹമ്മദ് കുഞ്ഞി ഹാജി സമ്മാനമായി നല്‍കിയ ഖുര്‍ആന്‍ റീഡിംഗ് പെന്‍ പാരായണത്തിന് സഹായകമായി. ഈ ലോക്ഡൗണ്‍ കാലയളവിലും ഖുര്‍ആന്‍ പഠനം തുടര്‍ന്ന റൈഹാന തന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ച് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബറാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളെ ഓതിക്കേള്‍പ്പിച്ചു.

രണ്ട് വര്‍ഷം മുമ്പ് ദുബൈയില്‍ നടന്ന ശൈഖ് ഫാത്തിമ ബിന്‍ത് മുബാറക് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ മത്സരം നേരിട്ട് വീക്ഷിക്കാന്‍ അവസരം ലഭിച്ച ഫാത്വിമ റൈഹാനക്ക് അതൊരു വലിയ പ്രചോദനമായി.
ഖുര്‍ആനിനോടുള്ള അമിതമായ താല്‍പര്യവും നിരന്തരമായ പരിശ്രമവും ദൃഢപ്രതിജ്ഞയുമാണ് പതിനൊന്ന് വയസ്സായപ്പോഴേക്കും ഖുര്‍ആന്‍ പൂര്‍ണ്ണമായും മന:പ്പാഠമാക്കാന്‍ പ്രേരിപ്പിച്ചത്. അദ്ധ്യാപകരുടെ നിരന്തരമുള്ള പ്രോത്സാഹനവും രക്ഷിതാക്കളുടെ അവസരോചിതമായ പിന്തുണയുമാണ് ഫാത്വിമാ റൈഹാനക്ക് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. നന്നായി ചിത്രം വരക്കുന്നതോടൊപ്പം ലോക പ്രശസ്തരായ ഖുര്‍ആന്‍ പണ്ഡിതരുടെ പാരായണ ശൈലി കേള്‍ക്കലും ബുര്‍ദ ആലാപനവുമാണ് പ്രധാന വിനോദങ്ങള്‍. ഖുര്‍ആന്‍ മനപാഠമുള്ള ഡോക്ടറാകാനാണ് ഫാത്വിമ റൈഹാനയുടെ ആഗ്രഹം.

മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മഞ്ചേരി പുല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന മഅ്ദിന്‍ ക്യൂ ലാന്റില്‍ ഖുര്‍ആന്‍-മദ്റസ പഠനത്തോടൊപ്പം മഅ്ദിന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി കൂടിയാണ് ഫാത്വിമ റൈഹാന. മദ്റസാ സ്‌കൂള്‍ പഠനങ്ങളില്‍ ഏറെ മികവ് തെളിയിച്ച ഈ മിടുക്കി നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഐ.എ.എം.ഇ ജില്ലാ തല കെജിഫെസ്റ്റില്‍ കലാതിലക പട്ടവും നേടിയിട്ടുണ്ട്. മുഹമ്മദ് തമീം, ആയിശ എന്നിവര്‍ സഹോദരങ്ങളാണ്.
പതിനൊന്നാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി അപൂര്‍വ്വ നേട്ടം കൈവരിച്ച ഫാത്തിമ റൈഹാനയെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ക്യൂ ലാന്റ് സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ മൊയ്തീന്‍ മുസ്ലിയാര്‍ പള്ളിപ്പുറം, മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍ എന്നിവര്‍ അഭിനന്ദിച്ചു.

Latest