പ്രണാബ് ദാക്ക് വിട; ഭൗതിക ദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു

Posted on: September 1, 2020 2:59 pm | Last updated: September 1, 2020 at 7:09 pm

ന്യൂഡല്‍ഹി | മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ ഭൗതിക ദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു. ന്യൂഡല്‍ഹിയിലെ ലോധി റോഡിലുള്ള വൈദ്യുത ശ്മശാനത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സംസ്‌ക്കാരം. കൊവിഡിന്റെ സാഹചര്യത്തില്‍ ഔദ്യോഗിക ഗണ്‍കാര്യേജ് സംവിധാനത്തിനു പകരം വാനിലാണ് മൃതദേഹം ശ്മശാനത്തിലേക്കെത്തിച്ചത്.

ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രണാബ് മുഖര്‍ജിയുടെ അന്ത്യം തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ മുതല്‍ ഉച്ച വരെ ഭൗതികശരീരം രാജാജി മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു തുടങ്ങിയവര്‍ പ്രണാബിന്റെ വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
മുന്‍ രാഷ്ട്രപതിയോടുള്ള ആദര സൂചകമായി ആഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ ആറുവരെ രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.