വെഞ്ഞാറമൂട് ഇരട്ടക്കൊല; പ്രതി ഷജിത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട് ഡി വൈ എഫ് ഐ

Posted on: September 1, 2020 2:54 pm | Last updated: September 1, 2020 at 6:37 pm

തിരുവനന്തപുരം | വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ പ്രതി ഷജിത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട് ഡി വൈ എഫ് ഐ. മുമ്പ് ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ഫൈസലിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട എഫ് ഐ ആറില്‍ തന്റെ പേര് വന്നപ്പോള്‍ അടൂര്‍ പ്രകാശ് എം പി യെ വിളിച്ചെന്നും അദ്ദേഹം ഇടപെട്ട് എല്ലാം ശരിയാക്കിയെന്നും ഷജിത്ത് പറയുന്ന ഓഡിയോയാണ് പുറത്തുവിട്ടത്. കോണ്‍ഗ്രസിന്റെ ഫേസ് ബുക്ക് മെസഞ്ചര്‍ ഗ്രൂപ്പില്‍ പ്രചരിച്ച ശബ്ദരേഖയാണ് ഇതെന്ന് ഡി വൈ എഫ് ഐ മേഖലാ ട്രഷറര്‍ അംജിത് വ്യക്തമാക്കി.

അടൂര്‍ പ്രകാശിനെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഗുരുതര ആരോപണം ഉയര്‍ത്തിയതിനു പിന്നാലെയാണ് ഡി വൈ എഫ് ഐ ശബ്ദരേഖ പുറത്തുവിട്ടത്. കേസില്‍ അറസ്റ്റിലായവര്‍ എല്ലാം കോണ്‍ഗ്രസുകാരെന്നും ഇവര്‍ക്ക് ആറ്റിങ്ങല്‍ എം പി അടൂര്‍ പ്രകാശുമായി അടുത്ത ബന്ധമുണ്ടെന്നും മന്ത്രി ആരോപിച്ചിരുന്നു. മിഥിലാജിനേയും ഹക് മുഹമ്മദിനേയും കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ആദ്യം വിളിച്ചത് അടൂര്‍ പ്രകാശിനെയാണ്. ലക്ഷ്യം നിറവേറ്റി എന്നാണ് ഇവര്‍ അടൂര്‍ പ്രകാശിന് നല്‍കിയ സന്ദേശമെന്നും മന്ത്രി പറഞ്ഞു.