Connect with us

National

പ്രണാബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യൻ രാഷ്ട്രീയത്തിലെ ബഹുമുഖ പ്രതിഭയും മുന്‍ രാഷ്ട്രപതിയുമായ പ്രണാബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു. 84 വയസ്സായിരുന്നു. കൊവിഡ് ഉൾപ്പെടെ അസുഖങ്ങളെ തുടർന്ന് ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഈ മാസം പത്തിനാണ് മുഖർജിയെ മസ്തിഷ്‌ക ശസ്ത്രക്രിയക്കായി ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോൽ മുതൽ വെന്റിലേറ്റർ പിന്തുണയോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ശസ്ത്രക്രിയക്ക് മുമ്പായി നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കൊവിഡും സ്ഥിരീകരിച്ചിരുന്നു. താൻ കൊവിഡ് പോസിറ്റീവാണെന്ന് അദ്ദേഹം തന്നെയാണ് രാജ്യത്തെ അറിയിച്ചിരുന്നത്.

സ്വാതന്ത്ര്യസമരസേനാനിയും എ ഐ സി സി. അംഗവുമായിരുന്ന കമദ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മിയുടെയും  മകനായി 1935 ഡിസംബര്‍ 11ന് ബീര്‍ഭൂം ജില്ലയിലെ മീറഠി ഗ്രാമത്തില്‍ ജനിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ പ്രണബിന് പ്രായം പന്ത്രണ്ട്. ബംഗാളില്‍ കുലിന്‍ ബ്രാഹ്മണ സമുദായാംഗമായ പ്രണബിന്റെ പഠനവിഷയം രാഷ്ട്ര മീമാംസമായിരുന്നു. ചരിത്രത്തിലും പൊളിറ്റിക്സിലും ബിരുദാനന്തര ബിരുദത്തിന് ശേഷം നിയമബിരുദം കൂടി നേടിയ പ്രണാബ് തപാല്‍ വകുപ്പില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ചതാണ്. പിന്നീട് വിദ്യാനഗര്‍ കോളജില്‍ രാഷ്ട്രമീമാംസയില്‍ അസിസ്റ്റന്റ് പ്രൊഫസറും ദഷന്‍ ദാക് മാസികയിലൂടെ മാധ്യമ പ്രവര്‍ത്തകനുമായി. 

ബംഗളാ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ പ്രണാബ് 1969ലെ തെരഞ്ഞെടുപ്പില്‍ പശ്ചിമ മിഡ്നാപുരില്‍ വി കെ കൃഷ്ണമേനോന്റെ ഇലക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ച് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങി. ആ തിരഞ്ഞെടുപ്പിലെ വന്‍ വിജയം പ്രണബിനെ കോണ്‍ഗ്രസ് ക്യാമ്പിലെത്തിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവ് ഇന്ദിരാ ഗാന്ധിയുടെ  പ്രശംസക്ക് പാത്രമാക്കുകയും പിന്നീടിങ്ങോട്ട് പ്രണാബ് ഇന്ദിരയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും സഹചാരിയുമായി മാറുകയും ചെയ്തു.  ഇന്ദിരാ ഗാന്ധിയാണ് പ്രണാബ് മുഖര്‍ജിയെ രാജ്യസഭാ സീറ്റ് നല്‍കി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നത്. 1969ല്‍ രാജ്യസഭാംഗമായാണ് പാര്‍ലിമെന്ററി രംഗത്തേക്കുള്ള പ്രവേശനം. 1973 ല്‍ കേന്ദ്രമന്ത്രിസഭയിലെത്തി. 1975 ലെ അടിയന്തരാവസ്ഥ കാലത്ത് മറ്റു പല ഇന്ദിരാ വിശ്വസ്തരേയുംപോലെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. 1982-1984 കാലത്ത് ഇന്ത്യയുടെ ധനകാര്യ മന്ത്രിയായിരുന്നു, 1980-1985 സമയത്ത് രാജ്യസഭയിലെ അധ്യക്ഷസ്ഥാനം വഹിച്ചിരുന്നു.

ഇന്ദിരാ ഗാന്ധിക്കുശേഷം, രാജീവ് ഗാന്ധിയുടെ ഭരണകാലഘട്ടത്തില്‍ പ്രണാബ് നേതൃത്വത്തില്‍ നിന്നും തഴയപ്പെട്ടു. രാഷ്ട്രീയ സമാജ്വാദി കോണ്‍ഗ്രസ് എന്നൊരു രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചു. എന്നാല്‍ 1989 ല്‍ രാജീവ് ഗാന്ധിയുമായി ഒത്തു തീര്‍പ്പിലെത്തി, ഈ സംഘടന കോണ്‍ഗ്രസില്‍ ലയിച്ചു. പി വി നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പ്രണബിനെ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായി നിയമിച്ചു. പിന്നീട് 1995 ല്‍ ധനകാര്യ മന്ത്രിയുമായി ചുമതലയേറ്റു. 

2004 ല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഐക്യ പുരോഗമന സഖ്യം  അധികാരത്തിലെത്തിയ അന്നു മുതല്‍ 2012 ല്‍ പ്രസിഡന്റ് പദവിക്കായി രാജിവെക്കുന്നതുവരെ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ രണ്ടാമനായിരുന്നു പ്രണാബ്. വിദേശ കാര്യം, പ്രതിരോധം, ധനകാര്യം എന്നിങ്ങനെ വിവിധങ്ങളായ വകുപ്പുകള്‍ പ്രണാബ് കൈകാര്യം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നാമനിര്‍ദ്ദേശത്തില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുകയും, എതിര്‍ സ്ഥാനാര്‍ഥി പി എ സാംഗ്മയെ പരാജയപ്പെടുത്തി ഇന്ത്യയുടെ പ്രഥമപൗരനായി അധികാരമേറ്റെടുക്കുകയും ചെയ്തു.

പശ്ചിമ ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയും ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിന് മാത്രം കിട്ടിയ സൗഭാഗ്യങ്ങളാണ്. നാല് തവണ രാജ്യസഭാംഗമായ പ്രണാബ് മുഖര്‍ജി 14ാം ലോക്സഭയിലെ വിദേശകാര്യ മന്ത്രിയായിരുന്നു. 15ാം  ലോക്സഭാംഗവുമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗമായ ഇദ്ദേഹം പശ്ചിമബംഗാളിലെ ജാംഗിപ്പൂര്‍ ലോകസഭാമണ്ഡലത്തില്‍ നിന്നുമാണ് ലോകസഭാംഗമായത്. എ ഡി ബിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണന്‍സ് ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.

1977ല്‍ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം. 2008ല്‍ പത്മവിഭൂഷണ്‍ ബഹുമതി. 2019ല്‍ ഭാരതത്തിന്‍െ്റ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന എന്നിവ നല്‍കി രാഷ്ട്രം ആദരിച്ചു.ബിയോണ്ട് സര്‍വൈവല്‍, എമര്‍ജിങ് ഡൈമന്‍ഷന്‍സ് ഓഫ് ഇന്ത്യന്‍ ഇക്കണോമി, ചാലഞ്ച് ബിഫോര്‍ ദ് നാഷന്‍/സാഗ ഓഫ് സ്ട്രഗ്ള്‍ ആന്‍ഡ് സാക്രിഫൈസ് തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ഭാര്യ പരേതയായ സുവ്രാ മുഖര്‍ജി, മക്കള്‍ ഷര്‍മ്മിഷ്ട മുഖര്‍ജി, അഭിജിത് മുഖര്‍ജി. ഇന്ദ്രജിത്ത് മുഖര്‍ജി.

---- facebook comment plugin here -----

Latest