Kerala
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഉടമ റോയ് ഡാനിയലും ഭാര്യയും പിടിയിൽ, പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചു

പത്തനംതിട്ട | പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഉടമ റോയ് (തോമസ്) ഡാനിയലും ഭാര്യ പ്രഭാ ഡാനിയലും പിടിയിലായി. പോപ്പുലർ ഫിനാൻസിന്റെ മാനേജിംഗ് ഡയറക്ടർ ആണ് തോമസ് ഡാനിയൽ. മാനേജിംഗ് പാർട്ണർ കൂടിയാണ് പ്രഭാ ഡാനിയൽ. ചങ്ങനാശ്ശേരിയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവര്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇവര്‍ പോകാനിടയുള്ള സ്ഥലങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടായിരുന്നു.
അതിനിടെ, സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാന്‍ എസ് പി. കെ ജി സൈമണിന്റെ നേതൃത്വത്തില്‍ 25 പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പതിവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദക്ഷിണ മേഖലാ ഐ ജി ഹർഷിത അട്ടല്ലൂരിക്കാണ് അന്വേഷണ മേൽനോട്ട ചുമതല.
വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ റോയിയുടെ രണ്ട് മക്കളെ ഡല്‍ഹിയില്‍ വെച്ച് പിടികൂടിയിരുന്നു. ഇവരെ കേരളത്തിലെത്തിച്ചിട്ടുണ്ട്. റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവര്‍ ഇന്നലെയാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ പിടിയിലായത്. ഇവര്‍ക്കെതിരെ നേരത്തേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആസ്ത്രലേിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും പിടിയിലായത്.
ഇവരെ പ്രത്യേക അേന്വഷണ സംഘം ചോദ്യം ചെയ്യുകയാണ്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായിട്ടുള്ള എട്ടോളം പേര്‍ക്കെതിരേ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേരളത്തിന് അകത്തും പുറത്തുമായി അയ്യായിരത്തോളം നിക്ഷേപകരില്‍ നിന്നായി 2000 കോടിയാണ് പോപ്പുലര്‍ ഫിനാന്‍സ് സമാഹരിച്ചിരിക്കുന്നത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തമിഴ്‌നാട്ടിലും മുംബൈയിലും ബെംഗളൂരുവിലുമായി മുന്നൂറോളം ബ്രാഞ്ചുകളുള്ള സ്ഥാപനമാണ് പോപ്പുലര്‍ ഫിനാന്‍സ്. പന്ത്രണ്ട് ശതമാനം പലിശ വാഗ്ദാനം ചെയ്താണ് വന്‍തോതില്‍ നിക്ഷേപം സമാഹരിച്ചത്. വന്‍ തുക നിക്ഷേപിച്ചവര്‍ പലരും പരാതിയുമായി ഇതുവരെ രംഗത്തെത്തിയിട്ടില്ല. അര ലക്ഷം മുതല്‍ ഒന്നരക്കോടി വരെ നിക്ഷേപിച്ചവരുണ്ടെന്നാണ് വിവരം. തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നതോടെ സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലേക്ക് പരാതികളുടെ പ്രവാഹമാണ്. നിക്ഷേപകര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് കോന്നി വകയാറിലെ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥാപനത്തിനു മുന്നില്‍ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇന്നാണ് സംഘടിത സ്വഭാവം കൈവന്നത്. നൂറുകണക്കിന് നിക്ഷേപകര്‍ പ്രതിഷേധത്തിനെത്തി.
ഇതിനിടെ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ നിയമനടപടിക്ക് വിധേയമായ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ കോന്നി വകയാറിലെ പ്രധാന ഓഫീസില്‍ പോലീസ് നടത്തി വന്ന റെയ്ഡ് പൂര്‍ണമായി. ജില്ലാപോലീസ് മേധാവി കെ ജി സൈമണിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അടൂര്‍ ഡി വൈ എസ് പി. ആര്‍ ബിനു, ഏനാത്ത് സി ഐ ജയകുമാര്‍, കൂടല്‍ സി ഐ ബിജു, കോന്നി, ഏനാത്ത് തുടങ്ങിയ പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള എസ് ഐമാര്‍ അടങ്ങിയ 30 അംഗ ടീമാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ മൂന്ന് പ്രധാന സെര്‍വറുകളും കംപ്യൂട്ടറുകളും മറ്റ് അനുബന്ധ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസം ഉടമ കോടതിയില്‍ പാപ്പര്‍ ഹരജിയും കൊടുത്തിട്ടുണ്ട്. പത്തനംതിട്ട സെഷന്‍സ് കോടതിയിലാണ് ഹരജി പരിഗണിക്കുന്നത്. കേസ് അടുത്ത മാസം ഏഴിന് വീണ്ടും പരിഗണിക്കും. പോപ്പുലര്‍ ഫിനാന്‍സ്, പോപ്പുലര്‍ എക്‌സ്‌പോര്‍ട്‌സ്, പോപ്പുലര്‍ ഡീലേഴ്‌സ്, തോമസ് ഡാനിയേല്‍, പോപ്പുലര്‍ മിനി ഫിനാന്‍സ്, പോപ്പുലര്‍ പ്രിന്റേഴ്‌സ് എന്നിവരുടെ പേരിലാണ് പാപ്പര്‍ ഹരജി പരിഗണിക്കുന്നത്. വിദേശത്തെ സാമ്പത്തിക ഇടപാട് അന്വേഷിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും.