Connect with us

Editorial

നീറ്റ്: പ്രവാസി വിദ്യാര്‍ഥികളുടെ നീറ്റലറിയണം

Published

|

Last Updated

ജെ ഇ ഇ (ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍), നീറ്റ് പരീക്ഷകള്‍ നിശ്ചിത തീയതികളില്‍ തന്നെ നടത്തുമെന്ന് ടെസ്റ്റിംഗ് ഏജന്‍സി (എന്‍ ടി എ) പ്രഖ്യാപിക്കുകയും നീറ്റ് പരീക്ഷക്ക് ഗള്‍ഫില്‍ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന ഹരജി സുപ്രീം കോടതി തള്ളുകയും ചെയ്തതോടെ പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് പ്രവാസി വിദ്യാര്‍ഥികള്‍ കടുത്ത ആശങ്കയിലാണ്. ജെ ഇ ഇ പരീക്ഷ സെപ്തംബര്‍ ഒന്ന് മുതല്‍ ആറ് വരെ തീയതികളിലും നീറ്റ് പരീക്ഷ സെപ്തംബര്‍ 13നും നടത്താനാണ് എന്‍ ടി എ തീരുമാനം. നീറ്റ് പരീക്ഷ മെയ് മൂന്നിന് നടത്താനായിരുന്നു ആദ്യ നിശ്ചയം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിന്നീട് തീയതി നീട്ടുകയായിരുന്നു.

ഗള്‍ഫില്‍ നീറ്റ് പരീക്ഷ എഴുതാനാഗ്രഹിക്കുന്ന അയ്യായിരത്തോളം വിദ്യാര്‍ഥികളുണ്ട്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പരിമിതമായതിനാല്‍ അവര്‍ക്ക് യഥാസമയം നാട്ടിലെത്താന്‍ ബുദ്ധിമുട്ടുണ്ട്. നാട്ടിലെത്തിയാല്‍ തന്നെ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഈ സാഹചര്യത്തിലാണ് ചില പ്രവാസി രക്ഷിതാക്കള്‍ ഗള്‍ഫില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. ജെ ഇ ഇ പരീക്ഷക്ക് ഗള്‍ഫ് നാടുകളില്‍ സെന്ററുകളുണ്ട്. സി ബി എസ് ഇ പരീക്ഷക്കും പതിനാറ് വിദേശ രാജ്യങ്ങളില്‍ സെന്റര്‍ അനുവദിക്കുന്നുണ്ട്. അവിടേക്കുള്ള ചോദ്യ പേപ്പറുകള്‍ അതത് രാജ്യത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി എത്തിക്കുകയാണ് പതിവ്. പരീക്ഷകള്‍ നിയന്ത്രിക്കുന്നതും ഇന്ത്യന്‍ കോണ്‍സുലേറ്റുകളാണ്. അവരുടെ നിയന്ത്രണത്തിലാണ് ചോദ്യ പേപ്പറുകള്‍ ഉള്‍പ്പെടെയുള്ളവ കൈകാര്യം ചെയ്യുന്നത്. ഇതേ രീതിയില്‍ നീറ്റ് പരീക്ഷക്കും സെന്ററുകള്‍ അനുവദിച്ചു കൂടേയെന്നാണ് പ്രവാസികളുടെ ചോദ്യം.

ആഗോള ജനത കൊവിഡ് മഹാമാരിയുടെ ഭീഷണിയില്‍ കഴിയുമ്പോള്‍ കോടതിയില്‍ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നായിരുന്നു വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷ. വിധി പ്രസ്താവം പ്രതികൂലമായതോടെ അവര്‍ കടുത്ത നിരാശയിലാണ്. നീറ്റ് പരീക്ഷക്ക് ഗള്‍ഫ് നാടുകളില്‍ സെന്റര്‍ അനുവദിക്കാന്‍ കഴിയില്ലെന്ന ടെസ്റ്റിംഗ് ഏജന്‍സിയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയില്‍ നിന്ന് ഇത്തരമൊരു വിധി വന്നത്. ജെ ഇ ഇ പരീക്ഷ പോലെയല്ല നീറ്റ്. നീറ്റ് പരീക്ഷ പുറം നാടുകളില്‍ നടത്തണമെങ്കില്‍ കൃത്യമായ ആസൂത്രണം ആവശ്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് സാധ്യമല്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും കോടതിയെ അറിയിച്ചിരുന്നു. ഇനിയും പരീക്ഷകള്‍ നീണ്ടുപോയാല്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസമോ പരിശീലനമോ നല്‍കാന്‍ കഴിയില്ലെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അഭിപ്രായം.

അതേസമയം, നീറ്റ് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന പ്രവാസി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ വന്ദേ ഭാരത് യാത്രാ സൗകര്യമൊരുക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ചിട്ടുണ്ട് കോടതി. ഇത് നടപ്പാക്കിയാല്‍ തന്നെ നാട്ടിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരുന്നത് പ്രയാസമായിരിക്കും. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ക്വാറന്റൈന്‍ ഒഴിവാക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറുകളാണെന്നാണ് ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ മൂന്നംഗ ബഞ്ച് പറഞ്ഞത്. പരീക്ഷാര്‍ഥികള്‍ക്ക് ക്വാറന്റൈന്‍ ഇളവ് തേടി സംസ്ഥാന ആരോഗ്യ വകുപ്പിനെ സമീപിക്കാമെന്നും കോടതി അറിയിച്ചു. എന്നാല്‍ കൊവിഡിന്റെ ആഘാതം ശക്തമായ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇത്തരമൊരു ഇളവിന് സന്നദ്ധമല്ല. ഈ സാഹചര്യത്തില്‍ ഗള്‍ഫ് സെന്റര്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം കോടതിയില്‍ ഉപഹരജി സമര്‍പ്പിച്ച് ഗള്‍ഫിലുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികളെ വിഷമഘട്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന് പ്രവാസികള്‍ ആവശ്യപ്പെടുന്നു.

പരീക്ഷകള്‍ അടുത്ത മാസം തന്നെ നടത്തുന്നതില്‍ രാജ്യത്തിനകത്തും എതിര്‍പ്പുണ്ട്. പല സംസ്ഥാനങ്ങളിലും കൊവിഡ് 19 വ്യാപനം പൂര്‍വോപരി രൂക്ഷമാണ്. ഗതാഗത നിയന്ത്രണങ്ങളും നിലനില്‍ക്കുന്നു. അസം, ബിഹാര്‍ തുടങ്ങിയ വടക്കന്‍ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്ക സാഹചര്യങ്ങളും പരീക്ഷക്ക് ഹാജരാകുന്നതിന് വിദ്യാര്‍ഥികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യവുമായി പരീക്ഷാര്‍ഥികളും രക്ഷിതാക്കളും രംഗത്തു വന്നിട്ടുണ്ട്. പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, പുതുച്ചേരി എന്നീ പ്രതിപക്ഷ പാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള സംസ്ഥാന സര്‍ക്കാറുകള്‍, കൊവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷകള്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനും തീരുമാനിച്ചിരിക്കുകയാണ്. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഗതാഗത സംവിധാനം സാധാരണ നിലയിലായ ശേഷമേ പരീക്ഷ നടത്താവൂ എന്നാണ് യോഗം മുന്‍വെക്കുന്ന ആവശ്യം. അടുത്ത മാസം പരീക്ഷയെന്ന കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് അഖിലേന്ത്യാ തലത്തില്‍ കേന്ദ്ര സ്ഥാപനങ്ങള്‍ക്കു മുന്നില്‍ പ്രതിഷേധവും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, പരീക്ഷ പ്രഖ്യാപിച്ച തീയതിക്ക് തന്നെ നടത്തണമെന്നാണ് ഭൂരിപക്ഷം വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായം. നീറ്റ്, ജെ ഇ ഇ പരീക്ഷ ഇനിയും മാറ്റിവെക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവി കൊണ്ട് കളിക്കലാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെയും വിദേശത്തെയും സര്‍വകലാശാലകളില്‍ നിന്നുള്ള 150ല്‍ പരം അധ്യാപകര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഡല്‍ഹി ജെ എന്‍ യു, ഇഗ്നോ, ലക്‌നൗ, ഡല്‍ഹി ഐ ഐ ടി തുടങ്ങിയ സര്‍വകലാശാലകളിലെ അധ്യാപകരാണ് കത്തില്‍ ഒപ്പു വെച്ചത്. വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നുമുള്ള നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് അടുത്ത മാസം തന്നെ പരീക്ഷ നടത്തുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ പറയുന്നു. ജെ ഇ ഇ പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്ത 8.58 ലക്ഷം വിദ്യാര്‍ഥികളില്‍ 7.25 ലക്ഷം പേരും അവരുടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞതായും മന്ത്രി അറിയിക്കുന്നു.

Latest