Covid19
കേന്ദ്രമന്ത്രി കൃഷൻപാൽ ഗുർജാറിന് കൊവിഡ്

ന്യൂഡൽഹി| കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി കൃഷൻപാൽ ഗുർജാറിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർക്ക് കൊവിഡ് പരിശോധന നടത്താനും മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് താൻ കഴിഞ്ഞ ദിവസം കോവിഡ് പരിശോധന നടത്തിയത്. ഫലം പോസിറ്റീവവായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിർബന്ധമായും കൊവിഡ് രിശോധന നടത്തണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അതേസമയം വൈറസ് ബാധിതനുമായി സമ്പർക്കം പുലർത്തിയ ഹരിയാന കോൺഗ്രസ് അധ്യക്ഷ കുമാരി സെൽജയും മുൻകരുതൽ നടപടിയെന്നോണം സ്വയം നിരീക്ഷണത്തിൽ പോയതായി ട്വീറ്റ് ചെയ്തു. സുരക്ഷിതമായി തുടരണമെന്നും ജാഗ്രത പുലർത്തണമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രവർത്തകരോട് സെൽജ അഭ്യർഥിച്ചു.
ഹരിയാനയിൽ കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്ന 10 നേതാക്കളിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, വിധാൻ സഭാ സ്പീക്കർ ഗിയാൻ ചന്ദ് ഗുപ്ത എന്നിവരും ഉൾപ്പെടുന്നു.