Connect with us

Kerala

ഫാം ഉടമയുടെ മരണം; കേസ് ഫയല്‍ സി ബി ഐക്ക് കൈമാറി

Published

|

Last Updated

പത്തനംതിട്ട | ചിറ്റാര്‍ കുടപ്പനക്കുളത്ത് ഫാം ഉടമ പി പി മത്തായി വനം വകുപ്പ് കസ്റ്റഡിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസ് ഫയല്‍ സി ബി ഐ തിരുവനന്തപുരം യൂനിറ്റിന് കൈമാറിയതായി ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് ഫയലും അനുബന്ധ രേഖകളും കൈമാറിയത്. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി തെളിവിലേക്കു കണ്ടെടുത്ത എല്ലാ വസ്തുവകകളും തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബറട്ടറിയില്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. 164 സി ആര്‍ പി സി പ്രകാരമുള്ള മൊഴികള്‍ രേഖപ്പെടുത്താന്‍ അപേക്ഷ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു നല്‍കിയതു സംബന്ധിച്ച കാര്യവും കേസിന്റെ അന്വേഷണത്തില്‍ കൃത്യത വരുത്തുന്നതിനു വേണ്ടി ലഭ്യമാക്കിയ നിയമോപദേശവും ഉള്‍പ്പെടെയാണ് കൈമാറിയതെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥനായ സി ബ്രാഞ്ച് ഡി വൈ എസ് പി ആര്‍ സുധാകരന്‍ പിള്ളയാണ് കേസ് ഫയലും ബന്ധപ്പെട്ട രേഖകളും സി ബി ഐക്ക് കൈമാറിയത്.
മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് പരാതികളുയര്‍ന്നപ്പോള്‍ അന്വേഷണം കാര്യക്ഷമമാക്കുന്നതിനു ഡമ്മി പരീക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും ജില്ലാ പോലീസ് സ്വീകരിച്ചിരുന്നു. സ്വാഭാവികമായി കിണറ്റില്‍ വീഴുന്നതിലൂടെയും അസ്വാഭാവിക വീഴ്ചയിലൂടെയും മരണം സംഭവിച്ചിരിക്കാമെന്ന നിഗമനത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഡമ്മി പരീക്ഷണം നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഫോറന്‍സിക് പോലീസ് സര്‍ജനും തിരുവനന്തപുരം എഫ് എസ് എല്‍ അസിസ്റ്റന്റ് ഡയറക്ടറും അടങ്ങിയ സംഘമാണ് പരീക്ഷണം നടത്തിയത്.

ഇതിനിടെ, കേസ് സി ബി ഐയെ ഏല്‍പ്പിക്കണമെന്ന മത്തായിയുടെ ഭാര്യയുടെ ഹരജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് ഫയലും അനുബന്ധ രേഖകളും കൈമാറിയതെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

Latest