Covid19
മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിക്ക് കൊവിഡ്

ഗുവാഹത്തി| മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം ഗൊഗോയ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. താനുമായി ബന്ധം പുലര്‍ത്തിയവര്‍ ഉടന്‍ തന്നെ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം ഇപ്പോള്‍ വീട്ടില്‍ ഐസൊലേഷനിലാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും തരുണ്‍ ഗൊഗോയിയുടെ ബന്ധു പറഞ്ഞു.
അതേസമയം, ചൊവ്വാഴ്ച അസമിലെ രണ്ട് എം എല്‍ എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അസം ഗണ പരിഷത്ത് എം എല്‍ എ രാമേന്ദ്ര നാരായണ്‍ കാലിത, കോണ്‍ഗ്രസ് എം എല്‍ എ അജാന്ത നിയോഗ് എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ അസമില്‍ റിപ്പോര്‍ട്ട് ചെയ്തത് 1973 പുതിയ കൊവിഡ് കേസുകളാണ്. ഇതോടെ സംസ്ഥാനത്ത് 94,592 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് എട്ട് പേര്‍ മരിച്ചു. ഇതോടെ മരണ സംഖ്യ 260 ആയി ഉയര്‍ന്നു.