ആറ് മാസത്തിനകം പുതിയ പ്രസിഡന്റ്; അതുവരെ ഇടക്കാല അധ്യക്ഷയായി സോണിയ തുടരും

Posted on: August 24, 2020 7:22 pm | Last updated: August 24, 2020 at 10:44 pm

ന്യൂഡല്‍ഹി | നാടകീയതകള്‍ക്ക് ഒടുവില്‍ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ പദവിയില്‍ സോണിയാ ഗാന്ധി തന്നെ തുടരാന്‍ തീരുമാനം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. ആറ് മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തുവാനും അതുവരെ സോണിയ തുടരുവാനുമാണ് യോഗം തീരുമാനിച്ചത്. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ചേക്കും.

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കള്‍ക്ക് എതിരെ നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. എന്നാല്‍ സോണിയ ഇതിന് വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ, നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് വന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് വിവാദമായി. രാഹുലിനെതിരെ കപില്‍ സിബല്‍ പരസ്യമായി ട്വീറ്റ് ചെയ്തു. എന്നാല്‍ താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ കപില്‍ സിബലിനെ വിളിച്ച് അറിയച്ചതോടെ അദ്ദേഹം ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.

ഇതേ വിഷയത്തില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയവരില്‍ ഒരാളായ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പ്രവര്‍ത്തക സമിയില്‍ നിന്ന് രാജി സന്നദ്ധത അറിയിച്ചതും നാടകീയതകള്‍ക്കിടയാക്കി.

ALSO READ  ജിതിൻ പ്രസാദയെ ലക്ഷ്യമിടുന്നത് നിർഭാഗ്യകരമെന്ന് കപിൽ സിബൽ