Connect with us

Travelogue

സൗന്ദര്യം തളിർക്കും തേയിലക്കുന്നുകൾ

Published

|

Last Updated

മൂന്നാറിലെ പെട്ടിമുടി വാർത്തകളിൽ നിറഞ്ഞപ്പോഴാണ് മുമ്പ് മൂന്നാറിലേക്ക് നടത്തിയ യാത്ര ഓർമകളിൽ തികട്ടി വന്നത്. കണ്ണെത്താ ദൂരത്ത് പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങളും അവിടുത്തെ ജനങ്ങളെയും നേരിട്ട് കണ്ടനുഭവിച്ച ആ ഓർമകളിലേക്ക്.

ടെന്റ് ക്യാമ്പിംഗ് എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങളുടെ അഞ്ചംഗ ടീം കോഴിക്കോട് നിന്ന് യാത്ര തിരിച്ചത്. മൂന്നാറിലേക്കാകുമ്പോൾ അത് പൊളിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. മുൻകൂട്ടി പ്ലാൻ ചെയ്യാതെ നടത്തുന്ന യാത്രകളാണ് വലിയ അനുഭവങ്ങൾ നമുക്ക് തരുന്നത്. അത്തരത്തിലുള്ള ഒരു യാത്രയായിരുന്നതിനാൽ ആലുവ വരെ ട്രെയിനിലായിരുന്നു യാത്ര. തുടർന്ന് കെ എസ് ആർ ടി സി ബസിൽ അടിമാലി വഴി മൂന്നാറിലേക്ക്. ഹെയർപിൻ വളവുകളും കുന്നുകളും നീർച്ചാലുകളും ആസ്വദിച്ച് മൂന്നാറിലെത്തിയപ്പോഴേക്കും ഉച്ചയ്യൂണിന് സമയമായിരുന്നു. വിശപ്പടക്കി ടെന്റ് സ്റ്റേക്കായി അന്വേഷണമാരംഭിച്ചു. മലയാളം കലർന്ന തമിഴാണ് എല്ലാവരും പറയുന്നത്. അന്വേഷണത്തിനൊടുവിൽ 30 കി. മീ അകലെയുള്ള ടോപ് സ്റ്റേഷനിൽ ടെന്റ് സ്റ്റേ ഏർപ്പാടായി. സമയമുണ്ട്. രാത്രി അവിടെയെത്തിയാൽ മതി. പക്ഷേ, ടോപ് സറ്റേഷനിലേക്ക് ഇനി ജീപ്പില്ല എന്നറിഞ്ഞതിനാൽ ഓട്ടോ പിടിച്ചാണ് യാത്ര. ടീ ഫാക്ടറി, മാട്ടുപ്പെട്ടി ഡാം, തേയിലക്കുന്നുകൾ തുടങ്ങിയവ ടോപ് സ്റ്റേഷനിലേക്കുള്ള വഴിയിലെ കാഴ്ചകളാണ്. രണ്ട് മലകൾക്കിടയിലെ ഒഴുകിയെത്തുന്ന മാട്ടുപ്പെട്ടി ഡാം തടാകം ഫോട്ടോഗ്രാഫർമാർക്കുള്ള മികച്ച ലാന്റ്‌സ്‌കേപ്പ് വ്യൂവാണ്.

സുന്ദരമായ സൂര്യാസ്തമയം

ടോപ് സ്റ്റേഷൻ വണ്ടിയിറങ്ങുമ്പോൾ അഞ്ച് മണിയായിട്ടുണ്ട്. തമിഴ്‌നാട്ടിലെ തേനി ജില്ലയിൽപെട്ട സ്ഥലമാണിത്. അത് കഴിഞ്ഞും കേരളമുണ്ട്. ടോപ് സ്റ്റേഷനിൽ നിന്നുള്ള കൊളുക്കുമല, മീശപ്പുലിമല തുടങ്ങിയവയുടെ സുന്ദരമായ സൂര്യാസ്തമയ കാഴ്ചകൾ കാണാൻ കുഴപ്പമില്ലാത്ത സന്ദർശകത്തിരക്കുണ്ട്. ആ കാഴ്ചകളാണ് സഞ്ചാരികളെ ഇവിടേക്ക് മാടിവിളിക്കുന്നത്. ചെങ്കുത്തായ പർവതനിരകൾ, പച്ചപ്പ്, പമ്മി നീങ്ങുന്ന പഞ്ഞിമേഘങ്ങൾ. പ്രകൃതിയുടെ ഏറ്റവും ആകർഷണീയമായ ആവിഷ്‌കാരങ്ങൾ. 25 രൂപ ടിക്കറ്റെടുത്താൽ തമിഴ്‌നാട് ടൂറിസത്തിന്റെ വാച്ച് ടവറിൽ നിന്ന് സൂര്യാസ്തമയം ഉയരത്തിൽ ആസ്വദിക്കാം.

ലോകത്തിലെ ഏറ്റവും ഉയർന്ന ഓർഗാനിക് എസ്റ്റേറ്റാണ് ടോപ്‌സ്റ്റേഷൻ. മാത്രമല്ല ടോപ്‌സ്റ്റേഷന് പിന്നിൽ ഒരു ചരിത്രവുമുണ്ട്. തേയില കൊണ്ടുപോകാനായി മൂന്നാറിൽ നിന്നും ടോപ്‌സ്റ്റേഷൻ വരെ ഇംഗ്ലീഷുകാർ റെയിൽ പാതയുണ്ടാക്കിയിരുന്നു. തോട്ടങ്ങളിൽ നിന്നും ശേഖരിക്കുന്ന തേയിലകൾ റോപ്‌വേ വഴി ടോപ്‌സ്റ്റേഷനിലെത്തിച്ച് അവിടെ നിന്നും റെയിൽ മാർഗം മൂന്നാറിലും തുടർന്ന് കൊച്ചിയിലേക്കും കൊണ്ടുപോകും. സ്റ്റേഷന്റെയും റോപ്‌വേയുടെയും അവശിഷ്ടങ്ങൾ ഇപ്പോഴും കാണാവുന്നതാണ്.

സന്ധ്യ മയങ്ങാൻ തുടങ്ങി. കോടയിറങ്ങി വരുന്നുണ്ട്. ഊട്ടിയെ വെല്ലും തണുപ്പ്. കടുത്ത തണുപ്പിനെ നേരിടാൻ കൊണ്ടുപോയ ജാക്കറ്റുകളൊക്കെ മതിയാകാതെ വരുമോയെന്ന് സംശയം. അതിനാണല്ലോ ഇങ്ങോട്ട് വന്നതെന്ന് കുട്ടത്തിലൊരുവൻ ഓർമിപ്പിച്ചു. തണുപ്പകറ്റാൻ ചെറിയ ചായക്കടയിൽ കയറി ഒരു കട്ടനടിച്ചു. അതിനിടെ തീകായാനും സൗകര്യമുണ്ട്. ഇനി മലമടക്കിലെ ടെന്റിലേക്കാണ്. രാത്രി ഭക്ഷണം, ടെന്റ്, സ്ലീപിംഗ് ബാഗ്, എമർജൻസി ലാമ്പ്, സ്പീക്കർ തുടങ്ങിയ എല്ലാ സൗകര്യവും നേരത്തെ ബന്ധപ്പെട്ട ഹോട്ടൽ തയ്യാറാക്കിത്തന്നിരുന്നു. കാവലിന് അകലെ ഒരു നായയും ഉണ്ട്. രാത്രിയിൽ ലൈറ്റണിഞ്ഞ തേനി ജില്ലയുടെ ടോപ് വ്യൂ ദീപാലംകൃതം പോലെ തോന്നിക്കുന്നു. ഏഴ് മണിയോടെ ഗ്രിൽഡ് ചിക്കനും ചപ്പാത്തിയും തയ്യാറാക്കാനൊരുങ്ങി. പ്രഭാത കാഴ്ചകൾക്കായി നേരത്തെ ഉറങ്ങി.

കാഴ്ചകളുടെ പറുദീസ

ആറ് മണി മുതൽ സൂര്യോദയ കാഴ്ചകളുടെ വിരുന്നാണ്. മലമടക്കുകളെ തഴുകിയെത്തുന്ന കോടമഞ്ഞിനൊപ്പം വിവിധ നിറങ്ങളിലുള്ള സൂര്യകിരണങ്ങൾ കാഴ്ചകളുടെ പറുദീസയൊരുക്കുന്നു. മിനിട്ടുകൾക്കുള്ളിൽ മാറിവരുന്ന കാഴ്ചകളുടെ വസന്തം. ഫോട്ടോ എടുക്കാൻ മുതിർന്നാൽ ആസ്വദിക്കാനാകാത്ത രീതിയിൽ പല ഭാഗങ്ങളിൽ നിന്നും പലവിധ കാഴ്ചാനുഭവങ്ങൾ. കിളികൂജനങ്ങൾ. സൂര്യോദയക്കാഴ്ചകളാണ് ഏറ്റവും ആകർഷണീയം എന്ന് പറയാതെ വയ്യ.
ഇനി വട്ടവട്ടവടയിലേക്കാണ്. പാമ്പാടുംചോല നാഷനൽ പാർക്കിലൂടെ വേണം വട്ടവടയിലെത്താൻ. ബസിൽ യായ്രയായതിനാൽ മൃഗങ്ങളെയൊന്നും കണ്ടില്ല. ആന, കാട്ടുപോത്ത്, മ്ലാവ്, മലയണ്ണാൻ തുങ്ങി പലവിധ മൃഗങ്ങൾ കാട്ടിലുണ്ടെന്ന് കണ്ടക്ടർ പറഞ്ഞിരുന്നു. സ്വന്തം വാഹനങ്ങളിൽ പോകുന്നവർക്ക് ഭാഗ്യം പോലെ ഇവയെ കാണാം. വനത്തിൽ ഫോട്ടോയെടുപ്പ് അനുവദനീയമല്ല. മരങ്ങൾ നിറഞ്ഞ പാത താണ്ടി വട്ടവടയിലെത്തിയപ്പോൾ മൂന്നാറിനെ വെല്ലുന്ന കാഴ്ചകളും കാലാവസ്ഥയുമാണ് അവിടെ.

വട്ടവടയിലെ കൃഷി

തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരു കൊച്ചുഗ്രാമം. കൃഷി ഉപജീവനമാക്കിയ ഒരു കൂട്ടം മനുഷ്യർ. ഒരു ടാക്‌സി ഡ്രൈവറുടെ സഹായത്തോടെ ആദ്യം ചെന്നത് സ്‌ട്രോബറി ഫാമിലേക്കാണ്. പഴുത്ത സ്‌ട്രോബറി നൽകിയാണ് അവർ സ്വീകരിച്ചത്. ആയതിനാൽ പിന്നെ സ്‌ട്രോബറി സ്‌ക്വാഷ് , ജാം എന്നിവ വാങ്ങേണ്ടി വന്നു. എങ്കിലും സ്‌ട്രോബറികൾ പാകമായി നിൽക്കുന്ന കാഴ്ചകൾ സുന്ദരം തന്നെ. പിന്നെ മൺവീടുകളിൽ സന്ദർശനം നടത്തി. മൺവീടുകളിലെ താമസത്തിനായി എത്തുന്നവർ ഏറെയാണെന്ന് വീട്ടുടമ പറഞ്ഞു. പിന്നെ വ്യൂപോയിന്റിലേക്ക്. അവിടെ നിന്നും നോക്കിയാൽ വൃത്താകൃതിയിൽ ഒരു കൊച്ചു ഗ്രാമമായി വട്ടവട നമുക്കനുഭവപ്പെടും. വിവിധ ചായങ്ങളിൽ മുക്കിയെടുക്ക കൊച്ചുവീടുകൾ, കൃഷിക്കായി തട്ടുതട്ടുകളാക്കി ഒരുക്കിയ കൃഷിയിടങ്ങൾ. ഏറ്റവും ഭംഗിയിൽ വട്ടവടയെ ഉയരത്തിൽ നിന്നും നോക്കിക്കാണാം. പിന്നെ ഓറഞ്ച് ഫാം സന്ദർശനം. നിറയെ പാകമായ ഓറഞ്ചുകളുള്ള തോട്ടത്തിൽ കയറാനും കുറച്ചൊക്കെ പറിച്ച് കഴിക്കാനും ടാക്‌സി ഡ്രൈവറുടെ സഹായത്തോടെ അനുവാദം കിട്ടി. ക്യാരറ്റ്, ബീറ്റ്രൂട്ട്, കാബേജ്, കിഴങ്ങുവർഗങ്ങൾ എന്നിവയും വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. സീസണിൽ വിളവെടുപ്പ് കാഴ്ചകളും വട്ടവടയിലുണ്ടാകും. കാഴ്ചകളിൽ മനം കുളിർത്ത് ഒരു കൊച്ചു ഹോട്ടലിൽ നിന്ന് തമിഴ്‌നാടൻ രീതിയിലുള്ള പച്ചരിച്ചോറും കഴിച്ചാണ് വട്ടവടയോട് ഗുഡ്‌ബൈ പറഞ്ഞത്.

Latest