ഭക്ഷണ സംസ്‌കാരം

ആത്മീയം
Posted on: August 23, 2020 2:00 pm | Last updated: August 28, 2020 at 2:03 pm

ജീവന്റെ തുടിപ്പിന് അടിസ്ഥാന ഘടകമാണ് ഭക്ഷണം. സ്രഷ്ടാവിന്റെ മഹാ അനുഗ്രഹങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണത്. സസ്യങ്ങൾക്ക് മണ്ണിലൂടെയും വെള്ളത്തിലൂടെയും ആവശ്യമായ ധാതുലവണങ്ങൾ ലഭിക്കുന്നപോലെ ജീവികൾ ഭക്ഷണത്തിലൂടെയാണ് ശരീരഘടനയിലെ മാംസമജ്ജകൾക്കും സിരധമനികൾക്കും കോശങ്ങൾക്കും ആവശ്യമായ ഊർജം സംഭരിക്കുന്നത്.
ഭക്ഷണം മനുഷ്യന്റെ ജീവിതശൈലിയെ വളരെയധികം സ്വാധീനിക്കുന്നു. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ഭക്ഷണം ഓരോ വ്യക്തിക്കും അനിവാര്യമാണ്. കൃത്യമായ ഭക്ഷണവും ആരോഗ്യകരമായ ജീവിതവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടനുസരിച്ച് മനുഷ്യരിലെ രോഗങ്ങളിൽ ഭൂരിഭാഗവും ഭക്ഷണ ക്രമവുമായി ബന്ധപ്പെട്ടതാണ്.

രോഗം വരാനും വരാതിരിക്കാനും കാരണമാകുന്നത് സമീകൃതാഹാരത്തിനനുസരിച്ചാണ്. ആരോഗ്യമുള്ള ഒരാൾക്ക് ദിവസവും ആവശ്യമുള്ള ഊർജം കൃത്യമായി നൽകുന്ന ആഹാരത്തെയാണ് സമീകൃതാഹാരമെന്ന് പറയുന്നത്. സമീകൃതാഹാരത്തിൽ ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, നട്സ്, പരിപ്പു വർഗങ്ങൾ, മത്സ്യം, മാംസം, പാൽ ഉത്പന്നങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. എന്നാൽ, ഇന്ന് കണ്ടുവരുന്ന രോഗങ്ങളിൽ പരമപ്രധാനമായ ഒന്ന് അമിത വണ്ണത്തിനാലുള്ള അസ്വസ്ഥതകളാണ്. ജീവിക്കാൻ വേണ്ടി ഭക്ഷിക്കുക എന്ന പാരമ്പര്യ ശൈലി മാറി ഭക്ഷിക്കാൻ വേണ്ടി ജീവിക്കുക എന്നതാണ് ഇന്നത്തെ ചിന്ത. രുചികരമാണെന്നു തോന്നുന്ന ഏതു ഭക്ഷണവും വാങ്ങി കഴിക്കുക എന്നത് ഒരു പൊതുശീലമായിത്തീർന്നു.
എന്തു കഴിക്കണം, എപ്പോൾ കഴിക്കണം, എത്ര കഴിക്കണം, എത്ര പ്രാവശ്യം കഴിക്കണം, എങ്ങനെ കഴിക്കണം എന്നീ അഞ്ച് സംഗതികൾ ആഹാര കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഹിതവും മിതവുമായ ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ രണ്ട് പ്രാവശ്യമേ വേണ്ടൂ എന്നാണ് ശാസ്ത്രം പറയുന്നത്. “പ്രാതൽ രാജാവിനെ പോലെ, ഉച്ചഭക്ഷണം രാജകുമാരനെ പോലെ, അത്താഴം യാചകനെ പോലെ’ എന്ന പഴഞ്ചൊല്ലിൽ പതിരുണ്ട്. ലോകത്ത് സമ്പൂർണമായ ഭക്ഷണ സംസ്‌കാരം പഠിപ്പിച്ച തിരുനബി (സ) ഏതു ഭക്ഷണം കഴിച്ചാലും ഒരു ദിവസം രണ്ട് നേരം പ്രത്യേകം തയ്യാറാക്കപ്പെടുന്ന ഭക്ഷണങ്ങൾ കഴിച്ചിരുന്നില്ലെന്ന് അവിടുത്തെ പ്രിയ പത്‌നി ആയിശ ബീവി(റ) പങ്ക് വെച്ചിട്ടുണ്ട്.

കലോറി അനുസരിച്ചാണ് ഭക്ഷണം കഴിക്കേണ്ടത്. അപ്പോഴാണ് ഇന്ദ്രിയങ്ങൾക്കും മനസ്സിനും സ്വസ്ഥത ലഭിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണശൈലിയോടൊപ്പം കൃത്യനിഷ്ഠയുമുണ്ടാകണം. അങ്ങനെ ചെയ്യുന്നത് രോഗ സംരക്ഷണമുണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. ന്യൂട്രീഷൻ സൊസൈറ്റി ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ ഓരോ ദിവസവും ചട്ടവും ക്രമവുമില്ലാതെ ഭക്ഷണം കഴിക്കുന്നവരിൽ രക്തസമ്മർദവും ബി എം ഐ (BMI – Body Mass Index) കൊണ്ടുള്ള പ്രശ്‌നങ്ങളും കൂടുന്നുവെന്ന് പറയുന്നു.

ആയുർവേദത്തിൽ തെറ്റായ ഭക്ഷണശീലങ്ങളെ പ്രത്യേകമായി പരാമർശിക്കുന്നുണ്ട്. സമശനം, അത്യശനം, അമാത്രാശനം, വിഷമാശനം, വിരുദ്ധാഹാരഭോജനം എന്നിവയാണ് അതിൽ പ്രധാനമായിട്ടുള്ളവ.
ഹിതമായ ഭക്ഷണത്തെയും അഹിതമായ ഭക്ഷണത്തെയും കലർത്തി ഭക്ഷിക്കുന്നവർ, ഭക്ഷിച്ചതിനു മീതെ ഭക്ഷിക്കുന്നവർ, യുക്തമായ അളവിൽ കൂടുതലോ കുറവായോ ഭക്ഷിക്കുന്നവർ, പ്രത്യേക നിഷ്‌കർഷയൊന്നുമില്ലാതെ ചിലപ്പോൾ സാധാരണ കഴിക്കുന്ന സമയത്തിന് മുന്പായും ചിലപ്പോൾ അധികമായി വൈകിയും ഭക്ഷിക്കുന്നവർ… ഇതെല്ലാം തെറ്റായ ഭക്ഷണ ക്രമങ്ങളാണ്. ആഹാരപദാർഥങ്ങളെ കൂട്ടിച്ചേർക്കുമ്പോഴോ പാകപ്പെടുത്തുമ്പോഴോ ഉണ്ടാകുന്ന വൈരുധ്യവും ശരീരത്തിന് ദ്രോഹമുണ്ടാക്കുന്നു. വിരുദ്ധമായ ചേരുവകൾ ശരീരത്തിൽ ഒരുതരം വിഷാംശത്തെ ഉണ്ടാക്കുകയും കാലക്രമേണ ത്വക്ക്്രോഗങ്ങൾ, രക്തവാതം തുടങ്ങിയ നിരവധി രോഗങ്ങൾക്ക് കാരണമായിത്തീരുകയും ചെയ്യുന്നു.

ALSO READ  93-ാം വയസ്സിലും ഖുർആൻ പാരായണ രീതി പഠിപ്പിക്കുകയാണ് റിട്ട. റെയിൽവേ ചീഫ് സൂപ്രണ്ട്

പുതിയ കാലത്തെ മനുഷ്യർ അനുദിനം കൊളസ്‌ട്രോൾ, രക്തസമ്മർദം, ഹൃദ്രോഗം, പ്രമേഹം, അമിത വണ്ണം തുടങ്ങിയ ജീവിത ശൈലീരോഗങ്ങൾക്ക് ഇരകളാകുന്നു. ജീവിതശൈലീരോഗത്തിന്റെ പിടിയലമരുമ്പോഴും ഭക്ഷണ കാര്യത്തിൽ കൃത്യമായ നിയന്ത്രണം സ്വീകരിക്കാൻ തയ്യാറാവുന്നില്ല. ചിക്കനും ബീഫും ബർഗറും കണ്ടാൽ നോ പറയാൻ മടി കാണിക്കുന്നു.

അതത് കാലത്ത് ലഭിക്കുന്ന ഇലകൾ, കായ്കൾ, പച്ചക്കറികൾ, ഫലങ്ങൾ എന്നിവ നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്നു. മാങ്ങയുടെയും ചക്കയുടെയും ധാരാളം വിഭവങ്ങൾ പതിവായിരുന്നു. തേങ്ങ സമൃദ്ധമായിരുന്നതുകൊണ്ട് എല്ലാ വിഭവങ്ങളിലും വെളിച്ചെണ്ണ ചേർത്തിരുന്നു. ധാരാളം പുഴകളും തോടുകളും കായലുകളും നീണ്ട കടൽതീരങ്ങളുമുള്ള കേരളം മത്സ്യ സമൃദ്ധമായിരുന്നു. ഒരു കാലത്ത് കേരളത്തിന്റെ പട്ടിണി മാറ്റിയ രക്ഷകനായിരുന്നു കപ്പ. എന്നാൽ, ഇതെല്ലാം ഇന്ന് അന്യവത്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. ഫാസ്റ്റ് ഫുഡ് സംസ്‌കാരം നിത്യജീവിതത്തിന്റെ ഭാഗമായി മാറി. ഒരു ഭാഗത്ത് ദാരിദ്ര്യവും പട്ടിണി മരണവും വർധിക്കുമ്പോൾ മറുഭാഗത്ത് ഭക്ഷണ ധൂർത്തും മാരക രോഗങ്ങളും കനക്കുന്നു. കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങി മാതാപിതാക്കൾ അനാരോഗ്യകരമായ ആഹാരസാധനങ്ങൾ വാങ്ങിക്കൊടുക്കുന്നു. അത് അവരുടെ ആരോഗ്യത്തെയും ബുദ്ധിയുടെ വളർച്ചയേയും പ്രതികൂലമായി ബാധിക്കുകയും ജീവിതത്തിന്റെ പുഷ്‌കലമായ കാലത്ത് തന്നെ നിത്യരോഗികളാക്കി മാറ്റുകയും ചെയ്യുന്നു. ഉത്തേജക മരുന്നിടുന്ന ഭക്ഷണം ശീലമാക്കുന്നവർക്ക് പ്രകൃതിജന്യമായ ഭക്ഷണ രുചി നഷ്ടപ്പെടുകയും കുത്തക കമ്പനികളുടെ ഇരകളായി മാറുകയും ചെയ്യുന്നു.
ആഗോളതലത്തിൽ കൊവിഡ് 19 ന്റെ ഭാഗമായി വലിയ തോതിൽ ഭക്ഷ്യക്ഷാമമുണ്ടാകുമെന്ന് വിദഗ്ധർ പറയുന്നു. ലഭിക്കുന്ന ഭക്ഷണ പദാർഥങ്ങൾ തന്നെ മാരക വിഷമുള്ള രാസവളവും അപകടകരമാകുന്ന വിധത്തിലുള്ള കീടനാശിനി പ്രയോഗവും നടത്തിയവയാണ്. ഈയൊരു സാഹചര്യത്തിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ നാം കൂടുതൽ ശ്രദ്ധ കൊടുക്കുകയും മിതത്വം പാലിക്കുകയും വേണം. അമിതവ്യയവും ധൂർത്തും തീരേ പാടില്ല. അല്ലാഹു പറയുന്നു: “നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക. അമിതമാക്കരുത്. നിശ്ചയം അമിതമാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല’. (അഅ്റാഫ് : 31). ഈ വാക്യത്തിൽ എല്ലാ വൈദ്യവും അടങ്ങിയിട്ടുണ്ടെന്ന് മഹാന്മാർ വ്യക്തമാക്കുന്നു.
കഴിക്കുന്ന ഭക്ഷണത്തിന് കൃത്യമായ നിയമങ്ങളും മര്യാദകളും ഇസ്്ലാം പഠിപ്പിക്കുന്നുണ്ട്. നല്ലതും അനുവദനീയമായതും മാത്രമേ ശരീരത്തിലെത്താവൂ എന്ന് മതത്തിന് കണിഷതയുണ്ട്. അല്ലാത്തപക്ഷം പിശാചിന്റെ ബോധനങ്ങൾക്കും സഞ്ചാരത്തിനും ശരീരം എളുപ്പം കീഴടങ്ങും. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈ രണ്ടും കഴുകുക, ആരംഭിക്കുമ്പോൾ അല്ലാഹുവിന്റെ നാമം ഉരുവിടുക, വിരമിക്കുമ്പോൾ അല്ലാഹുവിനെ സ്തുതിക്കുക, വലത് കൈകൊണ്ട് കഴിക്കുക, ഒരുമിച്ചിരുന്നു ഭക്ഷിക്കുക, മിതത്വം പാലിക്കുക, പാനീയം കുടിക്കുമ്പോൾ പാത്രത്തിൽ തലയിട്ട് കുടിക്കാതിരിക്കുക, നിന്നോ ധൃതിയിലോ വലിയ ചൂടിലോ പാനീയം കുടിക്കാതിരിക്കുക തുടങ്ങിയവയെല്ലാം ഇസ്്ലാം വളരെയധികം പ്രോത്സാഹിപ്പിക്കുകയും വലിയ പ്രതിഫലം നൽകുകയും ചെയ്യുന്ന കാര്യങ്ങളാണ്. സംഘം ചേർന്ന് ഭക്ഷണം കഴിക്കുന്നതിലാണ് വലിയ ബറകതുള്ളത്. (ഇബ്‌നുമാജ).

ALSO READ  ശരീരം, ശുദ്ധി

ഭക്ഷ്യക്ഷാമത്തെയോർത്ത് ആശങ്കപ്പെടുന്നതിനു പകരം മണ്ണിലേക്കിറങ്ങുകയാണ് വേണ്ടത്. ഓരോ പ്രദേശവും സ്വയം പര്യാപ്തമാകുക എന്നതായിരിക്കണം ഇനിയുള്ള ചിന്ത. ഇതിനു ധാന്യങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ, എണ്ണകൾ തുടങ്ങിയവ മുതൽ ചെറിയ ചെറിയ വ്യാവസായിക ഉത്പന്നങ്ങളുടെ നിർമിതിവരെ ഓരോ പ്രദേശത്തും തുടങ്ങണം. കൃഷിചെയ്യാത്ത ഒരിഞ്ച് ഭൂമിപോലുമില്ലെന്ന് ഉത്തരവാദപ്പെട്ടവർ ഉറപ്പുവരുത്തണം. അല്ലാഹുവിന്റെ പ്രകൃതിയനുഗ്രഹങ്ങൾ ഏറ്റവും കൂടുതലുള്ള കേരളത്തിൽ അവയെ വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ നാം ശ്രമിക്കണം. മറ്റു നാടുകളെ അപേക്ഷിച്ച് അത്രയും സമ്പന്നമാണ് നമ്മുടെ പ്രകൃതി. ഇവ ഫലപ്രദമായി ഉപയോഗിക്കേണ്ട സംസ്‌കാരം നമുക്കിടയിൽ വളർന്നു വരേണ്ടതുണ്ട്.