Connect with us

Kerala

അദാനിയുമായുള്ള ബന്ധം കണ്‍സള്‍ട്ടന്‍സി കമ്പനി സര്‍ക്കാറില്‍ നിന്ന് മറച്ചുവെച്ചു: ഇ പി ജയരാജന്‍

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ കെ എസ് ഐ ഡി സി കണ്‍സള്‍ട്ടന്‍സി സേവനം തേടിയ സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ് തങ്ങളുടെ അദാനി ബന്ധം സര്‍ക്കാറില്‍ നിന്ന് മറച്ചുവെച്ചുവെന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍. അദാനിയുടെ മകന്റെ ഭാര്യയുടെ പിതാവാണ് ഈ കണ്‍സള്‍ട്ടന്‍സിയുടെ പ്രധാനിയെന്ന കാര്യം സര്‍ക്കാറിന് അറിയില്ലായിരുന്നു.

ഒരു ജെന്റില്‍മാന്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍സി എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി ഏല്‍പിച്ചത്. എന്നാല്‍ അദാനിയാണ് മറുപക്ഷത്ത് എന്നറിഞ്ഞപ്പോള്‍ കേസിന്റെ കാര്യങ്ങള്‍ കണ്‍സള്‍ട്ടന്‍സി സര്‍ക്കാറിന്റെയോ കെ എസ് ഐ ഡി സിയുടെയോ ശ്രദ്ധയില്‍പ്പെടുത്തേണ്ടിയിരുന്നു. എന്നാല്‍ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പ് എല്ലാം മറച്ചുപിടിച്ചു. വിവാദം വന്നപ്പോളാണ് അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പിന് അദാനിയുമായി ബന്ധം മനസ്സിലായത്.
ഗൗതം അദാനിയുടെ മകന്റെ ഭാര്യ ഡയറക്ടറായ, മുംബൈ ആസ്ഥാനമായ കമ്പനിയാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ്. കെ പി എം ജി എന്ന സ്ഥാപനത്തെ കൂടാതെയാണ് അദാനിയുടെ ബന്ധുവിന്റെ കമ്പനിയായ സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പിനെയും കെ എസ് ഐ ഡി സി കണ്‍സള്‍ട്ടന്‍സിക്കായി സമീപിച്ചത്. ഇവര്‍ക്ക് കണ്‍സള്‍ട്ടന്‍സി ഫീസായി 55 ലക്ഷം രൂപയും നല്‍കിയിരുന്നു.