National
ഞാന്‍ രാഷട്രീയക്കാരനല്ല, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമല്ല: രഞ്ജന്‍ ഗൊഗോയ്

ന്യൂഡല്‍ഹി| അടുത്ത വര്‍ഷം അസമില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം അത് നിഷേധിച്ച് രഞ്ജന്‍ ഗഗോയ് രംഗത്തെത്തി.
താന്‍ രാഷട്രീയകാരനല്ലെന്ന് പറഞ്ഞ ഗൊഗോയ് അത്തരമൊരു ആഗ്രഹം തനിക്കില്ലെന്നും ഈ വിഷയത്തെ കുറിച്ച് തന്നോട് ആരും സംസാരിച്ചിട്ടില്ലെന്നും കൂട്ടിചേര്‍ത്തു. നിലവില്‍ രാജ്യസഭയിലേക്ക് മാനനിര്‍ദേശം ചെയ്ത എം പിയാണ് രഞ്ജന്‍ ഗൊഗോയ്.
ഈ വര്‍ഷം ആദ്യം രാജ്യസഭാ അംഗത്വം താന്‍ സ്വീകരിച്ചത് രാഷട്രീയത്തിലേക്കുള്ള തന്റെ ചവിട്ടുപടിയായി കണക്കാക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗവും സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു രാഷട്രീയ പാര്‍ട്ടിയുടെ പ്രതിനിധിയും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് മനസ്സിലാകാത്തത് നിര്‍ഭാഗ്യകരമാണ്.
രാജ്യസഭയിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമായത് താന്‍ ബോധപൂര്‍വം തിരഞ്ഞെടുത്തതാണ്. എന്റെ സ്വാതന്ത്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ എനിക്ക് താത്പര്യമുള്ള വിഷയങ്ങളില്‍ എന്റെ കാഴ്ചപാടുകള്‍ പ്രകടിപ്പിക്കാന്‍ ഇത് അവസരം നല്‍കുന്നു. ഇത് എന്നെ രാഷട്രീയകാരനാക്കുന്നുണ്ടോയെന്ന് ഗൊഗോയ് ചോദിച്ചു.
അതേസമയം, അടുത്തവര്‍ഷം അസമിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി രഞ്ജന്‍ ഗൊഗോയി ആയിരിക്കുമെന്ന് അസം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് പ്രസ്താവന നടത്തിയിരുന്നു.
രാംജന്‍മഭൂമിക്ക് അനുമതി നല്‍കിയ രഞ്ജന്‍ ഗൊഗോയിയെ ബിജെപി വളരെയധികം സ്‌നേഹിക്കുന്നുവെന്നും അതിന് നല്‍കിയ പാരിതോഷികമാണ് രാജ്യസഭാ അംഗത്വമെന്നും തരുണ്‍ പറഞ്ഞിരുന്നു. അതേസമയം, തരുണ്‍ ഗൊഗോയിയുടെ പ്രസ്താവന തള്ളികളഞ്ഞ് ബിജെപി അസം യൂണിറ്റ് രംഗത്തെത്തി. തരുണിന്റെ പ്രസ്താവന അര്‍ഥശൂന്യമാണെന്നും ബിജെപി പറഞ്ഞു.