Connect with us

Kozhikode

ഈ തെരുവിനിപ്പോൾ ഹൽവയുടെ മധുരമില്ല

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട്ടുകാരുടെ സന്തോഷത്തിൽ കൊവിഡ് കടന്നുകൂടിയതോടെ മിഠായിത്തെരുവിന്റെ മധുരവും ഇല്ലാതായി. മാസങ്ങൾക്കു മുമ്പ് വരെ തെരുവിലൂടെ നടക്കുമ്പോൾ നല്ല കോഴിക്കോടൻ ഹൽവയുടെയും മറ്റു ചൂടൻ പലഹാരങ്ങളുടെയും കൊതിയൂറുന്ന ഗന്ധം എല്ലാവരെയുമൊന്ന് ഉന്മാദത്തിലാക്കുമായിരുന്നു. എന്നാലിന്ന് തുറന്നിട്ട കടകളെ തിരിഞ്ഞുനോക്കാൻ പോലും ആരുമെത്തുന്നില്ല.

കണ്ടെയ്ൻമെന്റ് സോണിലായ മിഠായിത്തെരുവ് ദിവസങ്ങൾക്ക് മുമ്പാണ് തുറന്നത്. എന്നാൽ ഇപ്പോഴും ആളുകൾ ബേക്കറികളിൽ എത്താൻ മടിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. അതോടെ മധുരത്തിന്റെ കാര്യത്തിൽ കടൽകടന്ന പെരുമയുള്ള കോഴിക്കോടൻ ഹൽവ നിറച്ച ചില്ലുകൂട്ടിനെല്ലാം പഴയ പത്രാസില്ലാതായി. പച്ചമുളക് ഹൽവയും ഇളനീർ ഹൽവയും അത്തിപ്പഴം ഹൽവയും തുടങ്ങി പല പേരുകളിലും നിറങ്ങളിലും കിട്ടിയിരുന്ന ഹൽവകളുടെ കച്ചവടവും ഓണമടുത്താൽ തുടങ്ങുന്ന വറുത്ത ഉപ്പേരി, ശർക്കര ഉപ്പേരി കച്ചവടവും നന്നേ കുറഞ്ഞു.

ലോക്ക്ഡൗൺ കാരണം അടച്ചിടേണ്ടി വന്ന ബേക്കറി യൂനിറ്റുകൾ ഇന്ന് തകർച്ചാ ഭീഷണിയിലാണ്. വർഷങ്ങളുടെ പാരമ്പര്യമുളള നിരവധി ഹൽവ കടകളാണ് മിഠായിത്തെരുവിലുള്ളത്. മിഠായിത്തെരുവെന്ന ഈ പേരുവരാൻ കാരണം മധുരമാർന്ന ഈ ഹൽവ തന്നെയാണെന്നാണ് പറയപ്പെടുന്നത്. സാധാരണ ഹൽവക്ക് പുറമേ ക്യാരറ്റ്, പൈനാപ്പിൾ, ഓറഞ്ച്, പപ്പായ, മാംഗോ, സ്‌ട്രോബെറി, പംകിൻ, ഡ്രൈ ഫ്രൂട്ട്‌സ്, ഗോതമ്പ് തുടങ്ങിയ വൈവിധ്യമായ രൂചികളിലുള്ള ഹൽവകളും ഇവിടെയുണ്ട്.
കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ അടച്ചതോടെ പുറത്തു നിന്നുള്ള ആളുകളുടെ വരവ് കുറഞ്ഞത് തെരുവിലെ കച്ചവടത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് വറുത്ത ഉപ്പേരിക്കും ശർക്കര ഉപ്പേരിക്കും വലിയ ഡിമാൻഡാണ് ഉണ്ടായിരുന്നത്. എന്നാലിപ്പോൾ ഇവയെല്ലാം പേരിന് മാത്രമാണ് ഉണ്ടാക്കുന്നത്. അതിനും ആവശ്യക്കാരില്ല.

ഓണം അടുത്തുകഴിഞ്ഞാൽ വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും ട്രെയിനിലും മറ്റുമായി കിലോ കണക്കിന് വറുത്ത ഉപ്പേരിയും ശർക്കര ഉപ്പേരിയുമാണ് കയറ്റി അയച്ചിരുന്നത്. ഇത്തവണ കൊവിഡ് കാരണം അതും നിന്നുപോയെന്ന് വർഷങ്ങളായി മിഠായിത്തെരുവിൽ കച്ചവടം ചെയ്യുന്ന വിശ്വൻ പറയുന്നു. ഇദ്ദേഹത്തിന്റെ കടയിൽ പത്ത് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. എന്നാൽ കച്ചവടം ഇല്ലാതായതോടെ തൊഴിലാളികളെല്ലാം മറ്റ് തൊഴിലുകൾ അന്വേഷിച്ച് പോയി. ഇപ്പോൾ രണ്ട് തൊഴിലാളികൾ മാത്രമാണ് ഉള്ളത്.

Latest