Connect with us

Covid19

മികച്ച പരിചരണവും ഇച്ഛാശക്തിയും; 103കാരനായ പരീദിന് മുന്നില്‍ കൊവിഡ് മുട്ടുമടക്കി

Published

|

Last Updated

കളമശ്ശേരി | കേരളത്തിന്റെ ആരോഗ്യ മേഖലക്ക് വീണ്ടും അഭിമാന നേട്ടം . നൂറ് വയസ്സിന് മുകളിലുള്ള മറ്റൊരു മലയാളി കൂടി കൊവിഡിനെ പൊരുതി തോല്‍പ്പിച്ച് വീട്ടിലേക്ക് മടങ്ങി. ആലുവ മാറമ്പള്ളി സ്വദേശി 103 കാരനായ പരീദാണ് ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടത്. കളമശ്ശേരി മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ പൊന്നാടയണിയിച്ച് പൂക്കള്‍ നല്‍കിയാണ് പരീദിനെ സന്തോഷത്തോടെ വീട്ടിലേക്ക് യാത്രയാക്കിയത്. 20ദിവസം കൊണ്ടാണ് പരീദ് രോഗമുക്തി നേടിയത്.

ജൂലൈ 28 ന് ശക്തമായ പനിയും ശരീര വേദനയും കാരണമാണ് ഇദ്ദേഹത്തെ കൊവിഡ് പരിശോധനക്ക് വിധേയനായത്. കൊവിഡ് സ്ഥിരീകരിച്ചതോടെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഗുരുതര ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഉയര്‍ന്ന പ്രായം പരിഗണിച്ച് പ്രത്യേക മെഡിക്കല്‍ സംഘമാണ് പരീദിന് ചികിത്സ ഉറപ്പാക്കിയത്.

മികച്ച പരിചരണത്തിലും പരീദിന്റെ ഇച്ഛാശക്തിയിലും 20 ദിവസത്തില്‍ കൊവിഡ് എന്ന മഹാമാരി ഈ 103 വയസ്സുകാരന് മുന്നില്‍ മുട്ടുമടക്കി.പരീദിന്റെ ഭാര്യക്കും, മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിന്നും 105 വയസുകാരിയായ അഞ്ചല്‍ സ്വദേശി അസ്മ ബീവി അടുത്തിടെ കൊവിഡ് മുക്തി നേടിയിരുന്നു.

Latest