National
യു പിയിൽ വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

ലക്‌നോ| ഉത്തർപ്രദേശിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ പ്രതികളെ പിടികൂടി ജയിലിലേക്ക് അയച്ചതായും കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് പറഞ്ഞു. യുവതിയുടെ ദേഹമാസകലം സിഗററ്റ് കുറ്റി ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്തിനടുത്തുള്ള ഗ്രാമത്തിൽ താമസിക്കുന്ന അർജുൻ, ഇയാളുടെ സഹായി ചോട്ടു എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഉത്തർപ്രദേശ് ഗോരഖ്പൂർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വെളളിയാഴ്ച രാത്രി വെള്ളം ശേഖരിക്കാൻ ഹാൻഡ് പമ്പിന്റെ അടുത്തേക്ക് പോയ പെൺകുട്ടിയെ കാണാതാകുകയായിരുന്നു. രാത്രി മുഴുവൻ തിരഞ്ഞെങ്കിലും പുലർച്ചെയാണ് കണ്ടെത്തിയത്. രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് മകൾ പറഞ്ഞതായി അമ്മയുടെ പരാതിയിൽ പറയുന്നു. അതിനിടെ ദേഹത്ത് സിഗററ്റ് കുറ്റി ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്തു. എന്റെ മകളുടെ ആരോഗ്യനില മോശമാണെന്നും പരാതിയിൽ പറയുന്നുണ്ട്.
മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ബലാത്സംഗം, പോക്‌സോ നിയമം എന്നി വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തതെന്നും പോലീസ് ഉദ്യോഗസ്ഥൻ വിപുൽ ശ്രീവാസ്ത ട്വീറ്റിൽ കുറിച്ചു. ശനിയാഴ്ച ഉത്തർപ്രദേശിൽ 13 കാരിയെ ബലാത്സംഗം ചെയ്ത് കൊന്നത് രാജ്യത്തെ ഞെട്ടിച്ചിരുന്നു.