Connect with us

National

ബി ജെ പി നേതാക്കള്‍ക്ക് അമിത പിന്തുണ നല്‍കുന്നെന്ന ആരോപണം തള്ളി ഫേസ്ബുക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ ഭരണകര്‍ത്താക്കളുടേയും ബി ജെ പി നേതാക്കളുടേയും വിദ്വേഷ പ്രസംഗങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ അമിത പ്രാധാന്യം നല്‍കുന്നെന്ന ആരോപണം തള്ളി ഫേസ്ബുക്ക്. അക്രമങ്ങളും വിദ്വേഷ പ്രസംഗങ്ങളും ഞങ്ങള്‍ ശക്തമായി പ്രതിരോധിക്കുന്നു. ഞങ്ങള്‍ ഈ നയം സ്വീകരിച്ചിരിക്കുന്നത് ആഗോളമായാണ്. അത് ആരുടെയും രാഷ്ട്രീയം നോക്കിയിട്ടില്ല,” ഫേസ്ബുക്ക് വക്താവ് പറഞ്ഞു.
ഇതില്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും കൃത്യത ഉറപ്പുവരുത്താന്‍ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച അന്താരാഷ്ട്ര മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണലിലാണ് ഇന്ത്യയിലെ ഫേസ്ബുക്ക് പക്ഷപാതിത്വത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് വന്നത്. ഫേസ്ബുക്കിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള നയങ്ങളെ അവഗണിച്ച് കൊണ്ട് മുസ്ലിം വിരുദ്ധത പറയാന്‍ ഫേസ്ബുക്കില്‍ അനുവദിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ വെടിവെച്ച് കൊലപ്പെടുത്തണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത തെലുങ്കാനയില്‍ നിന്നുള്ള ബി ജെ പി എം എല്‍ രാജാ സിംഗിന്റെ പ്രസ്താവന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യയിലെ ഫേസ്ബുക്കിന്റെ ഉന്നത എക്സിക്യൂട്ടീവ് അങ്കി ദാസ് ഭരണകക്ഷിയായ ബി ജെപി അംഗങ്ങള്‍ക്ക് വേണ്ടി വിദ്വേഷ പ്രസംഗ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ മാറ്റുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബി ജെ പിക്കെതിരെ നിലകൊള്ളുന്നത് ഇന്ത്യയിലെ ഫേസ്ബുക്കിന്റെ ബിസിനസ് തകര്‍ക്കാര്‍ കാരണമാകുമെന്നതുകൊണ്ടാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ കുറ്റപ്പെടുത്തുന്നു.

Latest