Connect with us

Gulf

ഹസന്‍ റൂഹാനിയുടെ പ്രസ്താവന: യു എ ഇ പ്രതിഷേധം അറിയിച്ചു

Published

|

Last Updated

ദുബൈ | ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി യു എ ഇ വിരുദ്ധ പ്രസ്താവന നടത്തിയ പശ്ചാത്തലത്തില്‍ അബുദാബിയിലെ ഇറാനിയന്‍ സ്ഥാനപതിയോട് യു എ ഇ വിശദീകരണം തേടി. ഹസന്‍ റൂഹാനിയുടെ പ്രസംഗം അസ്വീകാര്യവും പ്രകോപനപരവുമാണ്. ഇത് ഗള്‍ഫ്മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും യുഎഇ വ്യക്തമാക്കി.

ഞായറാഴ്ചയാണ് ഇറാനിയന്‍ സ്ഥാനപതി കാര്യാലയത്തിലെ ചാര്‍ജ് ഡി അഫയേഴ്സിനെ വിളിപ്പിച്ചത്. ഹസ്സന്‍ റൂഹാനിയുടെ പ്രസംഗത്തില്‍ അടങ്ങിയിരിക്കുന്ന ഭീഷണിയില്‍ പ്രതിഷേധിച്ച് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ ഉപമന്ത്രി ഖലീഫ ഷഹീന്‍ അല്‍ മാരി അദ്ദേഹത്തിന് കുറിപ്പ് കൈമാറി.

ഇറാന്‍ വിദേശകാര്യ മന്ത്രാലയം, റെവല്യൂഷണറി ഗാര്‍ഡ്, ഇറാനിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രസംഗങ്ങളിലും ഭീഷണിയുടെ സ്വരമുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ടെഹ്‌റാനിലെ യുഎഇ നയതന്ത്ര കാര്യാലയത്തിന്റെ സുരക്ഷിതത്വം ഇറാന്റെ ഉത്തരവാദിത്തമാണ്. വിയന്ന കണ്‍വെന്‍ഷന് അനുസൃതമായി, വിദേശ നയതന്ത്ര കാര്യാലയങ്ങള്‍ക്കെതിരെയുള്ള ഭീഷണി ഇറാന്‍ അവസാനിപ്പിക്കണം.

മധ്യ പൗരസ്ത്യ ദേശ സമാധാന കരാറിനെത്തുടര്‍ന്ന് ഇറാന്‍ അധികൃതര്‍ നടത്തുന്ന പ്രകോപനപരമായ പ്രസംഗങ്ങളിലെ ഭാഷയെ യുഎഇ പൂര്‍ണമായും നിരസിക്കുന്നു. ഇത് ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലും പരമാധികാരത്തിനെതിരായ ആക്രമണവുമാണ്. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര നിയമ തത്വങ്ങള്‍ക്കെതിരാണ്. ഇത് അംഗീകരിക്കാനാവില്ല.കൂടാതെ, മേഖലയിലെ സ്ഥിരതയ്ക്ക് അനുയോജ്യമല്ലാത്ത ഇറാനിയന്‍ പ്രസ്താവനകളെ യുഎഇ നിരസിക്കുകയും ചെയ്യുന്നു -യു എ ഇ വ്യക്തമാക്കി.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest