National
കനത്ത മഴയില്‍ ഹൈദരബാദ് വെള്ളത്തിനടിയിലായി

ഹൈദരാബാദ്| കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയില്‍ ഹൈദരാബാദിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളപ്പൊക്കമുണ്ടായാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ചില പ്രദേശങ്ങളില്‍ അരുവികളും തോടുകളും കരകവിഞ്ഞൊഴുകിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ജയശങ്കര്‍ ഭൂപല്‍പ്പള്ളി ജില്ലയിലെ കുഡ്‌നാപള്ളി ഗ്രാമത്തില്‍ കുടുങ്ങിയ 10 കര്‍ഷകരെ ദേശീയ ദുരന്ത നിവാരണ സേന ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തിയതായി സര്‍ക്കാര്‍ പറഞ്ഞു. സിദ്ദിപേട്ടയില്‍ വെള്ളപ്പൊക്കത്തില്‍ ട്രക്ക് ഒലിച്ച് പോയി. ക്ലീനറിനെ രക്ഷപ്പെടുത്തിയെങ്കിലും ഡ്രൈവര്‍ വെള്ളത്തില്‍ മുങ്ങിപ്പോയി.
ഹൈദരബാദില്‍ രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ഹെലികോപ്റ്റര്‍ വിന്യസിച്ചു. വാറംഗല്‍, കരിംനഗര്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയുള്ളതായി മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.