Connect with us

Cover Story

സ്വാതന്ത്ര്യ പോരാട്ടത്തിന്റെ കർമസാക്ഷികൾ

Published

|

Last Updated

എഴുപത്തഞ്ച് ആണ്ടുകളോളം പഴക്കമുള്ള സ്വാതന്ത്ര്യ സമരത്തിന്റെ ഓർമകൾ പങ്കുവെക്കാനിരിക്കുമ്പോൾ ഈ തൊണ്ണൂറ്റെട്ടാം വയസ്സിലും വല്ലാത്തൊരു പോരാട്ടവീര്യവും ആവേശവും താനെ വന്നു നിറയുന്നുണ്ട്, സോഷ്യോ (socio) വാസു എന്ന വാസുവേട്ടന്റെ വാക്കുകളിൽ. മാഞ്ഞുതുടങ്ങിയ ഓർമകൾക്ക് അപ്പോൾ സൂര്യപ്രഭ. ഇടറുന്ന വാക്കുകൾക്ക് പ്രകമ്പനം കൊള്ളിക്കുന്ന മൂർച്ച. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തോട് അനുബന്ധിച്ചു നടന്ന സമരമുഖങ്ങളിൽ മുന്നിൽ നിന്ന് മുദ്രാവാക്യം വിളിച്ച ആ പഴയ ഇരുപതുകാരന്റെ വീറും ശൗര്യവും അതേ അളവിൽ തന്നെ പ്രകടമാകുന്നുണ്ട്.

അന്നത്തെ ഇ എസ് എൽ സി കഴിഞ്ഞ്, കുടുംബത്തിനൊരു വരുമാനമാകാൻ തയ്യൽ പണി പഠിക്കാൻ പറഞ്ഞയച്ച പതിനെട്ടുകാരൻ പക്ഷേ, ആശാനിൽ നിന്ന് കേട്ടതും പഠിച്ചതും നെഞ്ചിലേറ്റിയതും പെറ്റനാടിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടക്കഥകൾ, സ്വാതന്ത്ര്യസമരനായകരുടെ വീരേതിഹാസങ്ങൾ, തെരുവിലും ജയിലറകളിലും അതിനിഷ്ഠൂരമായി ആക്രമിക്കപ്പെട്ട സ്വന്തം സഹോദരങ്ങളുടെ നെഞ്ചുറപ്പിന്റെ കഥകൾ.

1942ൽ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് ഗണപത് സ്കൂൾ പിക്കറ്റ് ചെയ്ത തന്റെ വിദ്യാർഥി സുഹൃത്ത്‌ ലോഹിതാക്ഷനടക്കമുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് പോലീസിനെതിരെ കോഴിക്കോട് ചെറുവണ്ണൂർ അങ്ങാടിയിൽ വെച്ചു ആളെക്കൂട്ടി ജാഥ സംഘടിപ്പിച്ച്, മുന്നിൽ നിന്ന് മുദ്രാവാക്യം വിളിച്ചു കൊടുക്കുമ്പോൾ കഷ്ടിച്ച് ഇരുപത് വയസ്സ് തികയുന്നേ ഉണ്ടായിരുന്നുള്ളൂ. അത്രമേൽ സിരകളിൽ പടർന്നു കയറിയിരുന്നു, സ്വാതന്ത്ര്യദാഹം. അവിടുന്ന് അറസ്റ്റ് ചെയ്യപ്പെട്ട് കോഴിക്കോട് സബ്ജയിലിലേക്ക്.

സമരപ്പോരാളികളെ കൊണ്ട് ജയിൽ നിറഞ്ഞപ്പോൾ കുറച്ചേറെ പേരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചു. അക്കൂട്ടത്തിൽ വാസുവേട്ടനും ഉണ്ടായിരുന്നു. മൂന്ന് മാസത്തെ ജയിൽവാസം കഴിഞ്ഞു പുറത്ത് വരുമ്പോൾ മുന്നൂറാണ്ട് കഴിഞ്ഞാലും മറക്കാനാകാത്ത കൊടുംക്രൂരതയുടെ ചോര കല്ലിച്ച അടയാളങ്ങൾ ഏറെയുണ്ടായിരുന്നു ശരീരത്തിലെങ്കിലും ബ്രിട്ടീഷ് ഗവൺമെന്റിന്റെ കൂലിപ്പട്ടാളത്തിനെതിരെ പോരാടാനുള്ള ഊർജവും അത്രതന്നെ ആഴത്തിൽ നിറഞ്ഞു കഴിഞ്ഞിരുന്നു, മനസ്സിൽ.

[irp]

ഇരുപതാം വയസ്സിൽ ആദ്യത്തെ ജയിൽവാസം കഴിഞ്ഞു നാട്ടിൽ മടങ്ങിയെത്തി ഏറെ കഴിയും മുമ്പ് തന്നെ അടുത്ത അറസ്റ്റിനുള്ള കളമൊരുങ്ങി. കേളപ്പജിയുടെ മകൻ കുഞ്ഞിരാമക്കിടാവ് അടക്കമുള്ളവർ ആസൂത്രണം ചെയ്ത ഫറോക്ക് പാലം ബോംബ് ആക്രമണം, പക്ഷേ വാസുവേട്ടൻ അടക്കമുള്ള സ്വാതന്ത്ര്യസമരപ്പോരാളികളുടെ ചുമലിൽ വീഴുമെന്ന് ഉറപ്പായപ്പോൾ പാർട്ടിയുടെയും സമരാനുകൂലികളുടെയും ഉപദേശ- സമ്മർദങ്ങളെ തുടർന്ന് മദ്രാസിലേക്ക് നാടുവിട്ടു. ആ ഒന്പത് മാസത്തെ അജ്ഞാതവാസത്തെ കുറിച്ച് പറയുമ്പോൾ ഇപ്പോഴും വാസുവേട്ടന്റെ ശരീരം വിറകൊള്ളുന്നു. പിച്ചയെടുത്തും പട്ടിണി കിടന്നും തെരുവോരങ്ങളിൽ അന്തിയുറങ്ങിയും. ഒരിടത്തും സ്വസ്ഥതയില്ലാതെ ഇടങ്ങളും മേച്ചിൽപ്പുറങ്ങളും മാറി മാറിയുള്ള പ്രയാണം. ബ്രിട്ടീഷ് പട്ടാളത്തിന്റെ നോട്ടപ്പുള്ളിയായതിനാൽ ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും നാലുപാടും കണ്ണ് വേണം.

പിച്ചയെടുത്തു മിച്ചം പിടിച്ച ചില്ലിക്കാശ് കൊണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ തിരൂർ വരെയെത്താനുള്ള ടിക്കറ്റ് എടുക്കാനെ ആ പണം തികയുമായിരുന്നുള്ളൂ. അവിടുന്നങ്ങോട്ട് കോഴിക്കോട് വരെ കള്ളവണ്ടിയിലായി യാത്ര. വല്ലവിധത്തിലും പിടിക്കപ്പെട്ടാൽ പിന്നെയും കഥയാകെ മാറിമറിയുമെന്നു സുനിശ്ചിതം. എങ്ങനെയോ ചെറുവണ്ണൂരിൽ തന്റെ നാട്ടിലെത്തിയെന്ന് മാത്രം അന്നുമിന്നും അറിയാം.

[irp]

1947ൽ രാജ്യം സ്വതന്ത്രമായപ്പോൾ, അന്ന് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറിലെ സ്വാതന്ത്ര്യസമരപ്പോരാളികൾക്ക് അന്നത്തെ മദ്രാസ് ഗവൺമെന്റ് വയനാട്ടിൽ പത്ത് ഏക്കർ ഭൂമിയും രണ്ടായിരം ഉറുപ്പികയും സൗജന്യമായി നൽകാൻ തീരുമാനിച്ചപ്പോൾ അത് നിരസിക്കാൻ ഏറെയൊന്നും ആലോചിക്കേണ്ടി വന്നില്ല, എന്ന് മാത്രമല്ല ഇന്നും അക്കാര്യത്തിൽ എടുത്ത തീരുമാനത്തിലോ നിലപാടിലോ ലവലേശം നിരാശയുമില്ലെന്ന് വാസുവേട്ടൻ അടിവരയിട്ട് ആവർത്തിക്കുന്നുണ്ട്. വ്യക്തിപരമായ എന്തെങ്കിലും നേട്ടമോ പ്രതിഫലമോ മോഹിച്ചല്ല സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തത്. അതുകൊണ്ട് തന്നെ അതിന്റെ പേരിൽ ലഭിക്കുന്ന ആനുകൂല്യങ്ങളോടൊന്നും താത്പര്യം തോന്നിയിട്ടുമില്ല.

[irp]

സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് തന്നെ സോഷ്യലിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായി, ജയപ്രകാശ് നാരായണനിൽ നിന്ന് നേരിട്ട് അംഗത്വം സ്വീകരിക്കുകയുണ്ടായി. എങ്കിലും 1934ൽ ഗാന്ധിജി കോഴിക്കോട്ട് വന്നപ്പോൾ തന്റെ പതിമൂന്നാം വയസ്സിൽ അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചത് ഇന്നും തന്റെ ജീവിതത്തിലെ ധന്യനിമിഷങ്ങളിലൊന്നായി സോഷ്യോ വാസുവേട്ടൻ എടുത്തു പറയുന്നു.
കോൺഗ്രസ് വിട്ടു സോഷ്യലിസ്റ്റ് പാർട്ടിയിലേക്ക് ചേക്കേറിയ അദ്ദേഹം പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നടത്തിയ സമരങ്ങളുടെ ഭാഗമായി 1959ൽ രണ്ട് മാസം കോയമ്പത്തൂർ സെൻട്രൽ ജയിലിലും 1965ലും 1968ലും കോഴിക്കോട് കലക്്ടറേറ്റ് പിക്കറ്റ് ചെയ്തതിനും 1976ൽ അടിയന്തരാവസ്ഥക്കാലത്തും തടവിലാക്കപ്പെട്ടു. 1923 ജനുവരി പതിനാലാം തീയതി ചെറുവണ്ണൂർ പുതിയപറമ്പിൽ അപ്പു-അമ്മു ദമ്പതികളുടെ മകനായി ജനനം. ഭാര്യ പരേതയായ സരോജിനി. മക്കൾ: രമേശ്‌ ബാബു, ഗണേഷ് ബാബു, മധുലിമായേ, രാജ് നാരായണൻ.

ഒടുവിൽ യാത്ര പറഞ്ഞു ഇറങ്ങാൻ നേരം നൂറ്റാണ്ടിന്റെ ഓർമകൾ നെഞ്ചിലേറ്റുന്ന, അടിമത്തവും അതിനെതിരെയുള്ള പോരാട്ടങ്ങളും നേർക്കുനേർ കണ്ട, കർമസാക്ഷിയോട് ഒരു ചോദ്യം കൂടി ചോദിച്ചു. ബ്രിട്ടീഷ് മേൽക്കോയ്മക്കെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടിയ ഒരു ജനതയുടെ സ്വാതന്ത്ര്യാനന്തര അവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു? “രാജ്യം സ്വതന്ത്രമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ, എഴുപത്തിമൂന്ന് വർഷങ്ങൾക്കിപ്പുറവും വ്യക്തികൾ സ്വതന്ത്രരായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്ന് മാത്രമല്ല വ്യക്തികൾ കൂടുതൽ കൂടുതൽ അടിമത്തത്തിലേക്കും വിധേയമനോഭാവങ്ങളിലേക്കും അധഃപതിക്കുന്ന ദുരന്തക്കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. അടിമത്തം ആസ്വദിക്കുന്ന ഒരു ജനത സ്വാഭാവികമെന്നോണം ഉയർന്നു വരുന്നുണ്ടോ എന്ന് പോലും ആശങ്കപ്പെടേണ്ടിയിരിക്കുന്നു. അന്ന് ബ്രിട്ടൻ എന്ന വിദേശ രാജ്യത്തിന്റെ കീഴിലായിരുന്നു തങ്ങളുടെ സ്വാതന്ത്ര്യവും വ്യക്തിത്വവും അടിയറവ് വെക്കപ്പെട്ടതെങ്കിൽ ഇന്നത് വിവിധ ചിഹ്നങ്ങൾക്കും സ്ഥാപനങ്ങൾക്കും കീഴിലായി പോയെന്ന് മാത്രം. ഒരു വിമോചനസമരത്തിന് കൂടി ഈ നൂറ്റാണ്ടിൽ പ്രസക്തിയേറുന്നുണ്ട് എന്ന് തോന്നുന്നു.”
.