താഴ്ചയില്‍ നിന്ന് ഉയരത്തിലേക്കൊരു വെള്ളച്ചാട്ടം

Posted on: August 13, 2020 5:28 pm | Last updated: August 13, 2020 at 5:28 pm

മെല്‍ബണ്‍ | ആസ്‌ത്രേലിയയിലെ റോയല്‍ നാഷണല്‍ പാര്‍ക്കില്‍ അപൂര്‍വമായൊരു വെള്ളച്ചാട്ട കാഴ്ച. പാറക്കൂട്ടത്തില്‍ നിന്ന് വെള്ളം താഴേക്ക് ചാടുന്നതിന് പകരം, താഴ്ചയില്‍ നിന്ന് ഉയരത്തിലേക്ക് വെള്ളം കയറുന്ന കാഴ്ചയാണ് ക്യാമറയില്‍ പതിഞ്ഞത്. ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും കാരണമാണ് ഈ അപൂര്‍വ പ്രതിഭാസമുണ്ടായത്.

നാഷനല്‍ പാര്‍ക് സ്ഥിതി ചെയ്യുന്ന തീരേദശ മേഖലയില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയുള്ള കാറ്റാണ് വീശിയത്. ശക്തമായ കാറ്റ് വെള്ളത്തെ മേല്‍പ്പോട്ട് ഉയര്‍ത്തുന്നതാണ് വീഡിയോയിലുള്ളത്. പാറക്കൂട്ടത്തില്‍ നിന്ന് സാധാരണ താഴെ കടലിലേക്ക് വീഴുന്ന വെള്ളമാണ് ഇങ്ങനെ തിരിച്ചുപൊങ്ങിയത്. അതേസമയം, താഴെ കടലോരത്ത് ശക്തമായ തിരമാലകളുമായിരുന്നു.

ബുണ്ടീന വിസിറ്റര്‍ സൈറ്റാണ് വീഡിയോ പോസ്റ്റ് ചെയ്തത്. കടലില്‍ നിന്ന് വരുന്ന ശക്തമായ കാറ്റ് പാറക്കൂട്ടത്തില്‍ പതിക്കുന്നത് കാരണമാണ് താഴേക്ക് പതിക്കുമായിരുന്ന വെള്ളം മുകളിലേക്ക് തന്നെ ഉയര്‍ന്നതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു.