ടിക്ടോക്കില്‍ നിക്ഷേപിക്കാനൊരുങ്ങി റിലയന്‍സ്; ഇന്ത്യയിലെ പ്രവര്‍ത്തനം ഏറ്റെടുത്തേക്കും

Posted on: August 13, 2020 3:25 pm | Last updated: August 13, 2020 at 3:25 pm

 

ന്യൂഡല്‍ഹി | രാജ്യത്ത് നിരോധിച്ച ചൈനീസ് ആപ്പായ ടിക്ടോക്കില്‍ നിക്ഷേപ സാധ്യത തേടി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ടിക്ടോക്കിന്റെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള പ്രാഥമികഘട്ട ചര്‍ച്ചയിലാണ് ഇരു കമ്പനികളുമെന്നാണ് റിപ്പോര്‍ട്ട്.

ആപ്പിന്റെ ഇന്ത്യാ യൂനിറ്റില്‍ നിക്ഷേപിക്കാന്‍ താത്പര്യമുണ്ടോയെന്ന് ടിക്ടോക്കിന്റെ സി ഇ ഒ കെവിന്‍ മേയര്‍ റിലയന്‍സിനോട് നേരത്തേ ആരാഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് റിലയന്‍സും കമ്പനിയുടെ ഡിജിറ്റല്‍ വിഭാഗമായ ജിയോയും നിക്ഷേപം, ഏറ്റെടുക്കല്‍ എന്നിവ സംബന്ധിച്ച് വിശകലനം നടത്തുന്നത്.

ഇരുകമ്പനികളും നേരിട്ട് ബന്ധപ്പെട്ടുവെന്നാണ് വാര്‍ത്തകള്‍. ടിക്ടോക്കിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. 650 മില്യന്‍ ഡൗണ്‍ലോഡുകളാണ് രാജ്യത്ത് ആപ്പിനുള്ളത്. ആഗോളതലത്തില്‍തന്നെ രാഷ്ട്രീയ സമ്മര്‍ദവും സുരക്ഷാ ഭീഷണികളും കാരണം ടിക്ടോക്ക് ഏറെ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. അമേരിക്കയില്‍ നിരോധന ഭീഷണിയിലാണ്. ഇതുപ്രകാരം അമേരിക്കയിലെ പ്രവര്‍ത്തനം മൈക്രോസോഫ്റ്റ് ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.

ALSO READ  ഓണ്‍ലൈന്‍ ഫാര്‍മസി നെറ്റ്‌മെഡ്‌സിന്റെ ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കി റിലയന്‍സ്