Connect with us

Editorial

പ്രവാചക നിന്ദയും ബെംഗളൂരു സംഘര്‍ഷവും

Published

|

Last Updated

ദൗര്‍ഭാഗ്യകരമാണ് ചൊവ്വാഴ്ച രാത്രി ബെംഗളൂരുവില്‍ അരങ്ങേറിയ സംഭവങ്ങള്‍. സാമൂഹിക മാധ്യമത്തില്‍ വന്ന പ്രകോപനപരമായ പോസ്റ്റിനെ ചൊല്ലി ബെംഗളൂരുവിലെ ഡി ജെ ഹള്ളി കാവല്‍ബൈരസാന്ദ്രയില്‍ ഉടലെടുത്ത സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ മരണപ്പെടുകയും 60 പോലീസുകാരുള്‍പ്പെടെ 120ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പുലികേശി നഗര്‍ കോണ്‍ഗ്രസ് എം എല്‍ എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഫേസ്ബുക്കില്‍ പ്രവാചകരെ നിന്ദിക്കുന്ന തരത്തില്‍ പോസ്റ്റിട്ടതാണ് സംഘര്‍ഷം ഉടലെടുക്കാന്‍ ഇടയാക്കിയത്. ഇതില്‍ പ്രകോപിതരായ ജനക്കൂട്ടം എം എല്‍ എയുടെ കാവല്‍ബൈരസാന്ദ്രയിലെ വീടിനു നേരേ കല്ലെറിയുകയും വിദ്വേഷകരമായ പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്ഥലം പോലീസ് സ്റ്റേഷനിലേക്ക് നീങ്ങുകയും ചെയ്തു. ജനങ്ങളെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ വെടിവെപ്പിനെ തുടര്‍ന്നാണ് മൂന്ന് പേര്‍ മരണപ്പെട്ടത്.

തുടക്കത്തില്‍ സമാധാനപരമായ പ്രതിഷേധമായിരുന്നു അരങ്ങേറിയത്. എന്നാല്‍ പോസ്റ്റ് പിന്‍വലിക്കണമെന്ന് വ്യാപകമായ ആവശ്യമുയര്‍ന്നിട്ടും അത് പിന്‍വലിക്കുകയോ പോലീസ് കേസെടുക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ പ്രകോപിതരായ ജനക്കൂട്ടം എം എല്‍ എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ വീടിന് നേരേ കല്ലെറിയുകയും പോലീസ് സ്റ്റേഷനില്‍ സംഘടിച്ചെത്തുകയും ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പതിനഞ്ചോളം വാഹനങ്ങള്‍ കത്തിച്ചതായി പോലീസ് അറിയിച്ചു. എസ് ഡി പി ഐക്കാരാണ് സംഘര്‍ഷത്തിനു പിന്നിലെന്ന് പോലീസ് പറയുന്നു. എസ് ഡി പി ഐ നേതാവ് മുസമ്മില്‍ പാഷ അറസ്റ്റിലാണ്. എന്നാല്‍ കലാപത്തില്‍ സംഘടനക്ക് യാതൊരു ബന്ധവുമില്ലെന്നും ചില മാധ്യമങ്ങളെ സ്വാധീനിച്ച് കലാപത്തെ സംഘടനയുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുകയാണ് പോലീസെന്നുമാണ് എസ് ഡി പി ഐ നേതാക്കള്‍ പറയുന്നത്.

പ്രവാചക നിന്ദ മുസ്‌ലിം വിരുദ്ധരുടെ ഒരു ഹോബിയാണിന്ന്. ആധുനിക ലോകത്ത് ഇസ്‌ലാമിനും പ്രവാചക ശ്രേഷ്ഠര്‍ക്കും ലഭിച്ചു കൊണ്ടിരിക്കുന്ന അംഗീകാരവും സമ്മതിയുമാണ് കാരണം. മുസ്‌ലിംകളെന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ ആഗോള സമൂഹത്തിനിടയില്‍ തിളങ്ങി നില്‍ക്കുന്ന അസാധാരണ വ്യക്തിത്വമാണ് മുഹമ്മദ് നബി(സ). മറ്റു മതങ്ങളുടെ ആശയങ്ങള്‍ കാലാന്തരത്തില്‍ കാലഹരണപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും അടിവരയിട്ടുകൊണ്ടിരിക്കുകയാണ് ആധുനിക ശാസ്ത്രം. ഇതാണ് ഇസ്‌ലാമിനെതിരായ പ്രതിലോമ ശക്തികളുടെ ശത്രുത വര്‍ധിക്കാനിടയാക്കുന്നത്. സാത്താനിക് വേഴ്‌സസിലൂടെ സല്‍മാന്‍ റുഷ്ദി, ഡാനിഷ് കാര്‍ട്ടൂണിലൂടെ കുര്‍ട്ട് വെസ്റ്റ്ഗാര്‍ഡ്, ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസ് എന്ന അമേരിക്കന്‍ സിനിമയിലൂടെ ബാസില്‍ നകോല എന്നിങ്ങനെ എത്ര പേരാണ് പ്രവാചകനെ നിന്ദിക്കാനും തരംതാഴ്ത്തിക്കാണിക്കാനും വൃഥാ ശ്രമം നടത്തിയത്. സോഷ്യല്‍ മീഡിയക്ക് പ്രചാരം വര്‍ധിച്ചതോടെ മുസ്‌ലിം വിരുദ്ധര്‍ ഈ മാര്‍ഗവും വ്യാപകമായി ഉപയോഗപ്പെടുത്തി വരികയാണ്.

ഇവരുടെ പ്രവര്‍ത്തനങ്ങളൊന്നും പക്ഷേ, പ്രവാചകന്റെ വ്യക്തിത്വത്തെയോ സ്വീകാര്യതയെയോ ഒട്ടും ബാധിച്ചിട്ടില്ല. എന്നു മാത്രമല്ല, അത് കൂടുതല്‍ തിളക്കമാര്‍ജിക്കുകയും ഇതിനനുസൃതമായി സത്യാന്വേഷകരുടെ ഇസ്‌ലാമിലേക്കുള്ള ഒഴുക്ക് കൂടി വരികയുമാണ്. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന മതം ഇസ്‌ലാമാണെന്നാണ് വാഷിംഗ്ടണിലെ പ്യൂ റിസര്‍ച്ച് നടത്തിയ പഠനം കാണിക്കുന്നത്. ഇസ്‌ലാമിന്റെ ഇന്നത്തെ വളര്‍ച്ചാ തോത് തുടര്‍ന്നാല്‍ 2070 ആകുമ്പോഴേക്കും വളര്‍ച്ചയുടെ കാര്യത്തില്‍ ഇസ്‌ലാം ലോകത്തെ ഏറ്റവും വലിയ മതമായി മാറുമെന്നും പ്യൂ റിസര്‍ച്ച് കണ്ടെത്തുന്നു. സാമൂഹിക വിഷയങ്ങള്‍ തുടങ്ങിയവയില്‍ പഠനം നടത്തുന്ന ലോക പ്രശസ്ത അമേരിക്കന്‍ സംഘടനയാണ് പ്യൂ റിസര്‍ച്ച് സെന്റര്‍. മറ്റു ചില സ്വതന്ത്ര ഏജന്‍സികള്‍ നടത്തിയ പഠനവും ഇവരുടെ കണ്ടെത്തലിനെ സ്ഥിരീകരിക്കുന്നതാണ്.

അഭിപ്രായ സ്വാതന്ത്ര്യം ആര്‍ക്കുമുണ്ട്. തനിക്ക് വിയോജിപ്പുള്ള ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും നേതാക്കളെയും ന്യായമായി വിമര്‍ശിക്കാം. ഈ നിലയില്‍ പ്രവാചകനെയും വിമര്‍ശന വിധേയമാക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയോ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയോ പരിധിയില്‍ വരുന്നതല്ല പരിഹാസവും നിന്ദയും. അമാന്യവും ഭീരുത്വവുമാണത്. ഒരു ആശയത്തെയോ നേതൃത്വത്തെയോ ആരോഗ്യകരമായി പ്രതിരോധിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് ഇത്തരം നീചമായ മാര്‍ഗങ്ങളിലേക്ക് തിരിയുന്നത്. പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ച് നിന്ദിക്കാനൊരുമ്പെടുന്നതും ഖുര്‍ആന്‍ കത്തിക്കുന്നതും ഖുര്‍ആന്‍ നിരോധിക്കണമെന്ന ഹരജിയുമായി കോടതിയെ സമീപിക്കുന്നതുമൊക്കെ ഇത്തരക്കാരാണ്.

അതേസമയം, ആരെങ്കിലും പ്രവാചക നിന്ദ നടത്തിയാല്‍ അതിനെതിരെ സമാധാനപരമായി പ്രതികരിക്കുകയല്ലാതെ സംഘര്‍ഷം സൃഷ്ടിക്കുന്നതും അക്രമം അഴിച്ചു വിടുന്നതും കൈവെട്ടുന്നതും മുസ്‌ലിംകളുടെ രീതിയല്ല. സമാധാനത്തിന്റെ മാര്‍ഗമാണ് ഇസ്‌ലാം. ശത്രുവിന് പോലും നന്മ കാംക്ഷിക്കുകയും അതിനായി ഗുണകാംക്ഷയോടെ പ്രവര്‍ത്തിക്കുകയും ചെയ്ത ചരിത്രമാണ് പ്രവാചകന്റെത്. ഇസ്‌ലാമിക വളര്‍ച്ചയുടെ രഹസ്യവും ഇതാണ്. ഒരു ജനാധിപത്യ രാജ്യത്ത് പ്രവാചക നിന്ദപോലുള്ള കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭരണഘടനാപരമായ മാര്‍ഗങ്ങളുണ്ട്. ഇതിനെ മറികടന്നു കൊണ്ടുള്ള പ്രതിഷേധ പ്രകടനങ്ങള്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനേ ഇടയാക്കുകയുള്ളൂ. മുസ്‌ലിംകളിലെ അവിവേകികളെ ബോധപൂര്‍വം പ്രകോപിപ്പിച്ച് അവരെ അക്രമാസക്തരാക്കി ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് പലപ്പോഴും ഇത്തരം പോസ്റ്റിടുന്നവരുടെ ലക്ഷ്യമെന്ന വസ്തുതയും നാം വിസ്മരിക്കരുത്.

പ്രകോപനപരമായ പോസ്റ്റിട്ട വ്യക്തിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധം തണുപ്പിക്കാനുള്ള ഒരു ഒത്തുകളിയാകരുത് ഈ നടപടി. പ്രതിക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തി അര്‍ഹമായ ശിക്ഷ ഉറപ്പാക്കാനുള്ള തുടര്‍ നടപടികള്‍ പോലീസ് ഭാഗത്ത് നിന്നുണ്ടാകേണ്ടതാണ്.