Connect with us

Kerala

മത്തായിയുടെ മരണം; ഡമ്മി പരീക്ഷണം നടത്തി

Published

|

Last Updated

പത്തനംതിട്ട | വനപാലകരുടെ കസ്റ്റഡിയില്‍ പി പി മത്തായി എന്നയാള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചിറ്റാര്‍ കുടപ്പനകുളത്തെ വീടിനോട് ചേര്‍ന്ന് കിണറ്റില്‍ ഡമ്മി പരീക്ഷണം നടത്തി. കേസിന്റെ അന്വേഷണം ശരിയായ വഴിക്കല്ലെന്ന ആരോപണം ശരിയല്ലെന്ന് തെളിയിക്കുന്നതിനായിരുന്നു വീട്ടുകാരുടെ സാന്നിധ്യത്തില്‍ പരീക്ഷണം നടത്തിയത്. ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഫോറന്‍സിക് പോലീസ് സര്‍ജനും രണ്ട് ഡോക്ടര്‍മാരും തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബ് അസിസ്റ്റന്റ് ഡയറക്ടറും പത്തനംതിട്ട സയിന്റിഫിക് ഓഫീസറും അടങ്ങുന്ന സംഘമാണ് മത്തായി മരിച്ചു കിടന്ന കിണറ്റില്‍ ഡമ്മി പരീക്ഷണം നടത്തിയത്.

മത്തായിയുടെ തൂക്കവും നീളവുമുള്ള രണ്ട് ഡമ്മികാളാണ് കിണറ്റിലേക്കിട്ട് പരീക്ഷിച്ചത്. സ്വാഭാവികമായി ഒരാള്‍ കിണറ്റില്‍ വീഴുന്നതിലൂടെയും അസ്വാഭാവികമായുള്ള വീഴ്ചയിലൂടെയും മരണം സംഭവിക്കാവുന്നതിന്റെ വ്യത്യസ്ത സാധ്യതകള്‍ പ്രത്യേകം പുനരാവിഷ്‌ക്കരിച്ചായിരുന്നു പരീക്ഷണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന തലയ്ക്കേറ്റ ക്ഷതവും ഇടത് കൈയിലെ ഒടിവും കിണറ്റിലേക്ക് വീണപ്പോള്‍ സംഭവിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനും ഡമ്മി പരീക്ഷണത്തിലൂടെ കഴിയുമെന്ന് കരുതുന്നു. പരീക്ഷണം സംബന്ധിച്ച കണ്ടെത്തലുകളുടെ വിശദമായ റിപ്പോര്‍ട്ട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഫോറന്‍സിക് പോലീസ് സര്‍ജനില്‍ നിന്നും തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നും ലഭ്യമാകുന്ന മുറയ്ക്ക് മരണത്തെ സംബന്ധിച്ച് വ്യക്തമായ നിഗമനത്തിലെത്താന്‍ കഴിയുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

നിലവില്‍ കേസ് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി. ആര്‍ പ്രദീപ്കുമാര്‍, സി ബ്രാഞ്ച് ഡി വൈ എസ് പി. ആര്‍ സുധാരകരന്‍ പിള്ള, പത്തനംതിട്ട ഡി വൈ എസ് പി. കെ സജീവ്, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി. ആര്‍ ജോസ് തുടങ്ങിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. അതേസമയം പ്രതികള്‍ക്കെതിരെ ചുമത്തേണ്ട വകുപ്പുകള്‍ സംബന്ധിച്ച് പബ്ലിക് പ്രൊസിക്യൂട്ടറുടെ നിയമോപദേശം ഉടന്‍ പോലീസിന് ലഭിക്കും. നിലവില്‍ അസ്വാഭാവിക മരണത്തിന് ഐ പി സി 174 പ്രകാരമാണ് കേസ്. നിയമോപദേശം ലഭിച്ചാല്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് ഐ പി സി 304 പ്രകാരം കേസെടുത്ത് വനപാലകരെ പ്രതിചേര്‍ക്കാനാണ് സാധ്യത. കുടുംബത്തിന് നീതി ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ തുടരുകയാണ്.

മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
ചിറ്റാര്‍ കുടപ്പനയില്‍ പി പി മത്തായി വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച കേസില്‍ നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം. സംസ്ഥാന മുഖ്യ വനപാലകന്‍, പത്തനംതിട്ട ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവരില്‍ നിന്നാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. മത്തായിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതിന്റെ റിപ്പോര്‍ട്ടും മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ടുകളുമടക്കം സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.