അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുക്കത്തിന്റെ നാള്‍വഴികള്‍ രേഖപ്പെടുത്തി ഉപഗ്രഹ ചിത്രങ്ങള്‍

Posted on: August 11, 2020 4:13 pm | Last updated: August 11, 2020 at 4:13 pm

പാരീസ് | അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികള്‍ ഉരുകുന്നതിന്റെ ചരിത്രം 25 വര്‍ഷത്തെ ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കി ശാസ്ത്രജ്ഞര്‍. മഞ്ഞുപാളികളുടെ ഭാഗമായ കട്ടകളാണ് വെള്ളത്തില്‍ പൊങ്ങിക്കിടന്ന് പിന്നീട് അപ്രത്യക്ഷമാകുന്നത്. മഞ്ഞുപാളികള്‍ അതിവേഗം ഉരുകുകയാണെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇസ) അറിയിച്ചു.

1994 മുതല്‍ക്കുള്ള ഉപഗ്രഹ ചിത്രങ്ങളാണ് പരിശോധിച്ചത്. നാലായിരത്തോളം മഞ്ഞുമലകളെയാണ് പഠനവിധേയമാക്കിയത്. അമേരിക്കയിലെ ഗ്രാന്‍ഡ് കാന്യോന്‍ പ്രദേശം നിറക്കാവുന്നയത്ര വെള്ളമാണ് ഈ മഞ്ഞുമലകള്‍ ഉരുകിയതിലൂടെ ഉണ്ടായത്.

മഞ്ഞുരുകിയ വെള്ളം അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തിന് നഷ്ടപ്പെടുന്നതാണ് ഭീതിപ്പെടുത്തുന്നത്. അന്റാര്‍ട്ടിക്കക്ക് ചുറ്റുമുള്ള കടലിലേക്കാണ് ഈ തണുത്ത വെള്ളം എത്തുന്നത്. ദക്ഷിണ ധ്രുവത്തിലെ കാലാവസ്ഥയില്‍ ഇത് വലിയ മാറ്റങ്ങളാണുണ്ടാക്കുക.