Connect with us

Kerala

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയില്‍; നീരൊഴുക്ക് കുറഞ്ഞതായി വിലയിരുത്തല്‍

Published

|

Last Updated

ഇടുക്കി | മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് അപകടകരമായ അവസ്ഥയില്‍ നിന്ന് കുറഞ്ഞതായി വിലയിരുത്തല്‍. ഇപ്പോള്‍ 136 അടിയിലാണ് ജലനിരപ്പ ഉള്ളത്. ഇത് കൂടിയാല്‍ മാത്രമേ പെരിയാര്‍ തീരത്തുള്ളവര്‍ക്ക് രണ്ടാം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കൂ. നീരൊഴുക്ക് കുറഞ്ഞതിനൊപ്പം തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതുമാണ് ജലനിരപ്പ് ഉയരാതിരിക്കാന്‍ കാരണം.

അതിനിടെ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള നടപടി തുടങ്ങി. പമ്പ ഡാം തുറന്നതിനെ തുടര്‍ന്ന കുട്ടനാട്, അപ്പര്‍ കുട്ടനാട് ഭാഗങ്ങളില്‍ കെടുതികള്‍ രൂക്ഷമാകുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ബോട്ടുകളും ലോറികളും ചെങ്ങന്നൂരിലും കുട്ടനാട്ടിലും എത്തിച്ചിട്ടുണ്ട്. തോട്ടപ്പള്ളി പൊഴി പൂര്‍ണമായി മുറിച്ചു എങ്കിലും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ വെള്ളം ഒഴുകി പോകുന്നതിന്റെ തോത് കുറവാണ്. ചേര്‍ത്തല, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലും മഴക്കെടുതി രൂക്ഷമാണ്. എസി റോഡിലും അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലും വെള്ളക്കെട്ട് രൂക്ഷമാണ്.

മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നതോടെ കോട്ടയം ജില്ലയിലെ താഴ്ന്നപ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കുമരകം, വൈക്കം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. പ്രധാന റോഡുകളില്‍ എല്ലാം വെള്ളം കയറിയിട്ടുണ്ട്. എസി റോഡ് പൂര്‍ണമായും അടച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ക്യാമ്പുകള്‍ സജ്ജമാക്കുന്നുണ്ട്. ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീട്ടിയതായി കലക്ടര്‍ എം അഞ്ജന അറിയിച്ചു.

 

Latest