Connect with us

National

ബൈറൂത്തിന് പിറകെ ചെന്നൈ തുറമുഖത്തും അമോണിയം നൈട്രേറ്റ് ശേഖരം

Published

|

Last Updated

‌ചെന്നൈ | പശ്ചിമേഷ്യയെ നടുക്കി ചൊവ്വാഴ്ച ബൈറൂത്തില്‍ വന്‍ സ്‌ഫോടനത്തിന് കാരണമായ അമോണിയം നൈട്രേറ്റ് ശേഖരം ഇന്ത്യയിലും. തമിഴ്നാട് തലസ്ഥാനമായ ചെന്നൈ തുറമുഖത്ത് 2015 മുതല്‍ സൂക്ഷിച്ചിട്ടുള്ള അമോണിയം നൈട്രേറ്റ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ബൈറൂത്തില്‍ കഴിഞ്ഞ ദിവസം അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തില്‍ 154 പേര്‍ മരിക്കുകയും 5000ത്തില്‍ പരമാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരികയും ചെയ്തു. ഇതേ തുടര്‍ന്ന് രാജ്യത്തെ തുറമുഖങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന അപകടകരമായ വസ്തുക്കള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ ഉത്തരവിട്ടിരുന്നു.

2015 ല്‍ കൊറിയയില്‍ നിന്നും ഇന്ത്യയിലെ പ്രമുഖ കമ്പനി ഇറക്കുമതി ചെയ്ത 37 കണ്ടെയ്‌നറുകളിലാണ് അമോണിയം നൈട്രേറ്റ് ഉണ്ടായിരുന്നത്. പിടിച്ചെടുത്ത രാസവസ്തു സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടെന്നും തുറമുഖത്തെ പ്രവര്‍ത്തനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കസ്റ്റംസ് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ബൈറൂത്ത് സ്‌ഫോടനത്തോടെ അപകടകരമായ വസ്തുക്കള്‍ ലേലത്തില്‍ വില്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.സുരക്ഷിതമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരിക്കുന്നതെന്നും പൊട്ടിത്തെറിക്കാനുള്ള സാധ്യതയില്ലെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Latest