Connect with us

Gulf

പിഴ അടക്കാന്‍ പണമില്ലാത്തതിനാല്‍ യാത്ര മുടങ്ങി; ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് അഫ്സലും നൗഫലും

Published

|

Last Updated

അബുദാബി | കോഴിക്കോട് വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന കണ്ണൂര്‍ മട്ടന്നൂര്‍ പെരിയത്തില്‍ സ്വദേശി അഫ്‌സല്‍ രക്ഷപ്പെട്ടത് അധിക കാലം യു എ ഇയില്‍ തങ്ങിയതിനുള്ള പിഴ അടക്കാത്തത് കാരണം. കരിപ്പൂരില്‍ അപകടത്തില്‍പെട്ട, വന്ദേ ഭാരത് വിമാന സര്‍വീസിലെ ഐ എക്സ് 1344 കോഴിക്കോട് വിമാനത്തില്‍ കോഴിക്കോട്ടേക്ക് പോകേണ്ടതായിരുന്നു, അബുദാബി മിന ഈത്തപ്പഴ മാര്‍ക്കറ്റില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന അഫ്‌സല്‍.

ജൂണ്‍ 10 നായിരുന്നു അഫ്‌സലിന്റെ വിസ കഴിഞ്ഞത്. ജൂലൈ 10 വരെ അഫ്‌സലിന് രാജ്യത്ത് തങ്ങാമെങ്കിലും വിമാന ടിക്കറ്റ് ലഭിക്കാതിരുന്നതിനാല്‍ ആഗസ്റ്റ് 7 വരെ താമസിക്കുകയായിരുന്നു. കൊറോണ കാരണം അധികം നിന്നതിനുള്ള പിഴ ഉണ്ടാകില്ല്‌ലെന്ന് വിശ്വസിച്ചു വിമാനത്താവളത്തിലേക്ക് പോയ അഫ്സല്‍ യാത്ര പോകുന്നത് കൊണ്ട് കൂടുതല്‍ ക്യാഷ് ഒന്നും കയ്യില്‍ കരുതിയിരുന്നില്ല.

ബോര്‍ഡിങ് പാസ് ലഭിച്ച എമിഗ്രേഷനില്‍ എത്തിയപ്പോഴാണ് ഏഴ് ദിവസം അധികം യു എ ഇ യില്‍ നിന്നതിന്റെ പിഴ അടക്കാതെ രാജ്യം വിട്ട് പോകാന്‍ കഴിയില്ലെന്ന് അറിഞ്ഞത്.

കയ്യില്‍ 500 ദിര്‍ഹമേ ഉണ്ടായിരുന്നുള്ളൂ. 1000 ദിര്‍ഹം വേണം. പലരുമായും ബന്ധപ്പെട്ടെങ്കിലും ബാക്കി 500 ദിര്‍ഹം പി ആര്‍ ഒ എത്തിച്ചു നല്‍കുമ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു.

പത്ത് മിനിട്ട് വ്യത്യാസത്തിലായിരുന്നു വിമാനം പുറപ്പെട്ടത്. ഇന്നലെ ഉച്ചക്ക് 1.30 പുറപ്പെട്ട വിമാനത്തില്‍ 18 സി ആയിരുന്നു അഫ്‌സലിന്റെ സീറ്റ് നമ്പര്‍. യാത്ര മുടങ്ങിയ അഫ്‌സല്‍ ദുബൈ ദേരയിലുള്ള സഹോദരി ഭര്‍ത്താവിന്റെ റൂമില്‍ നിന്നാണ് യാത്ര ചെയ്യേണ്ടിയിരുന്ന വിമാനം അപകടത്തില്‍ പെട്ട വിവരം അറിയുന്നത്. അല്ലാഹുവിന്റെ കാവല്‍ കാരണമാണ് യാത്ര മുടങ്ങിയതെന്ന് അഫ്‌സല്‍ പറഞ്ഞു.

ദുരന്തത്തിലായ വിമാനത്തില്‍ യാത്ര ചെയ്ത സന്ദര്‍ശക വിസയിലെത്തിയ യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ സഹായങ്ങള്‍ ചെയ്തു നല്‍കിയിരുന്നു അഫ്‌സല്‍.

സമാന കാരണത്താല്‍ യാത്ര മുടങ്ങി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് മലപ്പുറം തിരുന്നാവായ സ്വദേശി വെട്ടന്‍ നൗഫല്‍മോന്‍. ബോര്‍ഡിംഗ് പാസ് എടുത്ത ശേഷം, പിഴയുണ്ടെന്നറിഞ്ഞപ്പോള്‍ പണമടക്കാന്‍ കഴിയാതെ യാത്ര തടസപ്പെടുകയായിരുന്നു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി