സ്വര്‍ണവില റെക്കോര്‍ഡില്‍ നിന്ന് റെക്കോര്‍ഡിലേക്ക്; പവന് 320 രൂപ വര്‍ധിച്ചു

Posted on: August 6, 2020 2:30 pm | Last updated: August 6, 2020 at 2:46 pm

കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡില്‍ നിന്ന് റെക്കോര്‍ഡിലേക്ക് കുതിക്കുന്നു.  ഇന്ന് രാവിലെയും ഉച്ചക്കുമായി പവന് 320 രൂപകൂടി 41,520 രൂപയായി. 5190 രൂപയാണ് ഗ്രാമിന്റെ വില. രണ്ടു ദിവസം കൊണ്ട് വര്‍ധിച്ചത് 1240 രൂപ. രാവിലെ പവന് 120 രൂപയും ഉച്ചക്ക് 200 രൂപയുമാണ് വർധിച്ചത്.

ബുധനാഴ്ച രണ്ടു തവണയായി 920 രൂപ കൂടിയിരുന്നു. വെള്ളിയാഴ്ചയാണ് പവന്‍ വില 40,000ല്‍ എത്തിയത്. ഇതിന് ശേഷം 1520 രൂപയുടെ വര്‍ധനയുണ്ടായി. ജൂലായ് മുതലുള്ള കണക്കെടുത്താല്‍ 5,720 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

കൊവിഡ്, ഡോളറിന്റെ മൂല്യം തുടങ്ങി വിവിധ കാരണങ്ങളാല്‍ അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 2,039.75 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.