Connect with us

Gulf

ചോരയില്‍ മുങ്ങി ബെയ്റൂത്ത്; പശ്ചിമേഷ്യയെ നടുക്കിയ സ്‌ഫോടനം

Published

|

Last Updated

ബെയ്റൂത്ത് | ചൊവ്വാഴ്ച്ച വൈകിട്ട് ലെബനീസ് തലസ്ഥാനമായ ബെയ്റൂത്ത് തുറമുഖത്തുണ്ടായ ശക്തിയേറിയ സ്ഫോടനത്തില്‍ മുവായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും നൂറിലധികം പേര്‍ മരണപ്പെടുകയും ചെയ്തതായി ലെബനാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

തുറമുഖത്ത് സംഭരിച്ചിരുന്ന 2,700 ടണ്‍ അപകടകരമായ രാസവസ്തുക്കലാണ് പൊട്ടിത്തെറിച്ചത്. രാസവസ്തുക്കള്‍ തുറമുഖമേഖലയില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് ഉദ്യോഗസ്ഥര്‍ വര്ഷങ്ങളായി മുന്നറിയിപ്പ് നല്‍കിയിട്ടും അധികൃതര്‍ മാറ്റാന്‍ ശ്രമിക്കാത്തതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. 2013 ല്‍ ബെയ്റൂത്ത് തുറമുഖത്ത് നിന്നും മോള്‍ഡോവയില്‍ രജിസ്റ്റര്‍ ചെയ്ത റോസസ് എന്ന കപ്പലില്‍ നിന്ന് പിടികൂടിയ 2,750 ടണ്‍ അമോണിയം നൈട്രേറ്റാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.

ഇരട്ട സ്‌ഫോനടത്തില്‍ തുറമുഖത്തെയും സമീപപ്രദേശങ്ങളിലെയും കെട്ടിടങ്ങള്‍ തകരുകയും കനത്ത നാശ നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നൂറുകണക്കിന് വാഹനങ്ങളും തുറമുഖത്തോട് ചേര്‍ന്ന് കിടക്കുന്ന കെട്ടിടങ്ങളുമാണ് കത്തി ചാമ്പലായത്. ബലിപെരുന്നാള്‍ അവധിയായതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞു. അതേസമയം സായാഹ്നം നഗരങ്ങളില്‍ ചിലവഴിക്കാനെത്തിയവരും പെരുന്നാള്‍ അവധിയില്‍ കുടുംബ വീടുകളില്‍ എത്തിയവരുമാണ് അപകടത്തില്‍ പെട്ടവരില്‍ ഏറെയും. ഏഴര ലക്ഷം പേരാണ് ബെയ്റൂത്ത് നഗരത്തില്‍ താമസിക്കുന്നത്.

ഉഗ്ര സ്‌ഫോടനത്തെ തുടര്‍ന്ന് വാഹങ്ങള്‍ തലകീഴായി മറിയുകയും കത്തുകയും ചെയ്തതോടെ, യുദ്ധസമാനമായ അവസ്ഥയായിരുന്നു ബെയ്‌റൂത്ത് നഗരത്തില്‍. കിലോമീറ്ററുകള്‍ ദൂരത്തില്‍ വാഹനങ്ങളും , കെട്ടിട അവശിഷ്ടങ്ങളും ചിതറിത്തെറിച്ചു. അപകടസ്ഥലത്തുനിന്നു പുറത്തേക്കുള്ള റോഡുകളിലൂടെ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത് തടസ്സപ്പെട്ടതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. റോഡുകളിലും ആശുപത്രികളിലും രക്തം കെട്ടിനില്‍ക്കുകയാണ്. ആശുപത്രികള്‍ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞു.

ന്യൂക്ലിയര്‍ സ്‌ഫോടനത്തിന് സാക്ഷിയായ അവസ്ഥയാണ് എങ്ങും കാണാന്‍ കഴിയുന്നതെന്നും കടല്‍ത്തീര തലസ്ഥാനം ഭൂകമ്പത്തിലെന്ന പോലെ കുലുങ്ങിയെന്നും ബെയ്റൂത്ത് ഗവര്‍ണ്ണര്‍ പറഞ്ഞു.

കനത്ത സാമ്പത്തിക തകര്‍ച്ചയുടെ വക്കിലാണ് ലെബനാന്‍. വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് പോരാട്ടത്തില്‍ മറ്റൊരു ദുരന്തത്തെ നേരിടാന്‍ കഴിയാത്ത അവസ്ഥയിലൂടെയാണ് രാജ്യം സഞ്ചരിക്കുന്നത്. ബെയ്റൂത്ത് സ്‌ഫോടനത്തെ തുടര്‍ന്ന് എല്ലാ ഗള്‍ഫ് രാജ്യങ്ങളളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest