Connect with us

National

രാജ്യത്ത് ഇന്ന് വിശ്വാസികൾ ബലിപെരുന്നാള്‍ ആഘോഷിച്ചു

Published

|

Last Updated

ഡൽഹി ജമാമസ്ജിദിൽ പ്രാർഥനകളിൽ മുഴുകിയ വിശ്വാസികൾ

ന്യൂഡല്‍ഹി| കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ഇന്ന് വിശ്വാസികള്‍ വലിയ പെരുന്നാള്‍ ആഘോഷിച്ചു. ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകളുയര്‍ത്തിയാണ് മുസ്ലിംകള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് മസ്ജിദുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിസ്‌കാരം നടത്തിയത്. സാമൂഹിക അകലം പാലിച്ചും മാസ്‌കും ധരിച്ചുമാണ് നിസ്‌കാരത്തിനായി വിശ്വാസികള്‍ പള്ളിയില്‍ എത്തിചേര്‍ന്നത്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനെ തുടര്‍ന്ന് പലരും മസ്ജിദുകളിലെത്തി പ്രാർഥന  നിര്‍വഹിച്ചു. എന്നാല്‍ ചിലര്‍ വീടികളില്‍ പ്രാര്‍ഥനകളില്‍ മുഴുകി. ഡല്‍ഹി ജമാ മസ്ജിദില്‍ മാസ്‌ക് ധരിച്ചാണ് വിശ്വാസികള്‍ നിസ്‌കാരം നിര്‍വഹിച്ചത്. ഡല്‍ഹിയിലെ ഫത്തേപൂര്‍ പള്ളിയിലും നിരവധി പേര്‍ നിസ്‌കാരം നിര്‍വഹിക്കാനായി എത്തിയിരുന്നു. പഞ്ചാബിലെ അമൃത്സറില്‍ ഖൈറുദ്ധീന്‍ പള്ളിയിലാണ് നിസ്‌കാരം നടത്തിയത്. കഴിഞ്ഞ ഡിസംബറില്‍ പൗരത്വഭേദഗതി ബില്ലിനെതിരേ വന്‍ പ്രതിഷേധം അരങ്ങേറിയ കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂര്‍ പ്രദേശത്ത് ഇന്ന് സുരക്ഷ ശക്തമാക്കി.

കൊവിഡിനെ തുടര്‍ന്ന് വിശ്വാസികള്‍ വീടുകളില്‍ നിസ്‌കാരം നിര്‍വഹിക്കണമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ആഹ്വാനം ചെയ്തു. ബി ജെ പി നേതാവ് ഷാനവാസ് ഹുസൈനും വീടുകളില്‍ പ്രാര്‍ഥന നിര്‍വഹിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഈദ് മുബാറക്, ഈദ് അല്‍-അദ്ഹ ആശംസകള്‍. നീതിപൂര്‍വകവും സമന്വയവും സമന്വയിപ്പിച്ചതുമായ ഒരു സമൂഹം സൃഷ്ട്ടിക്കാന്‍ ഈ ദിവസം നമ്മെ പ്രചോദിപ്പിക്കട്ടെ. സാഹോദര്യത്തിന്റെയും അനുകമ്പയുടെയും ചൈതന്യം വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി ആശംസിച്ചു.

പ്രസിഡന്റ് രാംനാഥ് കോവിന്ദ് , കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവരും ലോകത്തെയും ഇന്ത്യയിലെയും മുസ്ലീകംള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. അതേസമയം, നിസ്‌കാരത്തിനായി പള്ളികളിലെല്ലാം സുരക്ഷിതമായ അന്തരീക്ഷമാണ് ഒരുക്കിയതെന്ന് ഡല്‍ഹി ഡി സി പി സഞ്ജീവ് ഭാട്ടിയ പറഞ്ഞു.