മത്സ്യബന്ധനം കണ്ടെയിന്‍മെന്റ് സോണിലും ആവാം; എന്നാല്‍, അതാത് സോണില്‍ വിറ്റുതീര്‍ക്കണം

Posted on: July 30, 2020 8:13 pm | Last updated: July 30, 2020 at 8:13 pm

തിരുവനന്തപുരം | മത്സ്യബന്ധനം കണ്ടെയിന്‍മെന്റ് സോണിലും ആവാമെങ്കിലും ലഭിക്കുന്ന മത്സ്യം അതാത് സോണില്‍ വിറ്റുതീര്‍ക്കണമെന്ന് മുഖ്യമന്ത്രി. കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് മത്സ്യവില്‍പനയ്ക്കായി പുറത്തുപോവാന്‍ പാടില്ല. അധികംവരുന്ന മത്സ്യം സഹകരണ സംഘങ്ങള്‍ മുഖേന മാര്‍ക്കറ്റിലെത്തിക്കും. ആഗസ്റ്റ് അഞ്ച് മുതല്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കും.

ട്രോളിംഗ് അവസാനിച്ചതിനു ശേഷം കൊവിഡ് കാലത്ത് മത്സ്യബന്ധനവും വിപണനവും എങ്ങനെ വേണം എന്നതു സംബന്ധിച്ച് മറ്റു ചില നിര്‍ദേശങ്ങളും മുഖ്യമന്ത്രി നല്‍കി.
എല്ലാ ബോട്ടുകള്‍ക്കും രജിസ്ട്രേഷന്റെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടാം. മത്സ്യബന്ധനത്തിന് പുറപ്പെടുന്ന സ്ഥലത്ത് തന്നെ മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധമായും തിരിച്ചെത്തണം. അവര്‍ വേറെ കടവുകളില്‍ പോകാന്‍ പാടില്ല. മത്സ്യ ലേലം പൂര്‍ണമായും ഒഴിവാക്കണം. ഹാര്‍ബറുകളില്‍ ഹാര്‍ബര്‍ മാനേജ് സൊസൈറ്റികളും ലാന്‍ഡിംഗ് സെന്ററുകളില്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി പ്രാദേശികമായി രൂപവത്ക്കരിക്കുന്ന ജനകീയ സമിതികളുംമത്സ്യത്തിന്റെ വില നിശ്ചയിക്കുകയും മത്സ്യബന്ധന പ്രവര്‍ത്തനങ്ങളുംവിപണനവും നിയന്ത്രിക്കുകയും ചെയ്യണം.