Connect with us

Kerala

കൊച്ചിയിലെ വെള്ളക്കെട്ട്: പ്രശ്‌നം പരിഹരിക്കാന്‍ നഗരസഭക്ക് കഴിയില്ലെങ്കില്‍ കലക്ടര്‍ക്ക് ഇടപെടാമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി | കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നത്തില്‍ വീണ്ടും ഹൈക്കോടതി ഇടപെടല്‍. പ്രശ്‌നം പരിഹരിക്കാന്‍ നഗരസഭക്ക് കഴിയില്ലെങ്കില്‍ ജില്ലാ കലക്ടര്‍ക്ക് ഇടപെടാമെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. കലക്ടര്‍ വിഷയം ഏറ്റെടുത്ത് ആവശ്യമായ നടപടി സ്വീകരിക്കണം. ദുരന്തനിവാരണ നിയമപ്രകാരം മുന്നോട്ടു പോകാം. കോടികള്‍ മുടക്കിയുള്ള ഓപ്പറേഷന്‍ ബ്രേക് ത്രൂവിന്റെ ആദ്യഘട്ടം നടപ്പാക്കിയിട്ടും കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ നഗരത്തില്‍ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടല്‍.

മുല്ലശ്ശേരി കനാലിന്റെ ഒഴുക്ക് തടസ്സപ്പെട്ടതാണ് കഴിഞ്ഞ ദിവസം വെള്ളക്കെട്ട് ഉണ്ടാകാന്‍ കാരണമായതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്ന് സിംഗിള്‍ ബഞ്ച് നിര്‍ദേശിച്ചു. സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ജില്ലാ കലക്ടറും കോര്‍പ്പറേഷന്‍ സെക്രട്ടറിയും വിശദീകരണം നല്‍കണം. പി ആന്‍ ടി കോളനിയിലെ താമസക്കാരുടെ പുനരധിവാസം സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Latest