വികൃതി കാട്ടി; നാല് വയസ്സുകാരിയെ മാതാവ് ചുമരിൽ തലയിടിപ്പിച്ച്, കഴുത്ത് ഞെരിച്ച് കൊന്നു

Posted on: July 30, 2020 11:19 am | Last updated: July 30, 2020 at 11:20 am

പുണെ| നാല് വയസ്സുകാരിയെ കൊന്ന കേസിൽ മാതാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പുണെയിൽ തിങ്കളാഴ്ചയാണ് സംഭവം. ഭർത്താവിന്റെ പരാതിയിൽ 22കാരിയായ സവിത ദീപക് കാക്കഡെയാണ് അറസ്റ്റിലായത്. കുട്ടി വികൃതി കാണിച്ചതിനാലാണ് താൻ കൊലപാതകം നടത്തിയതെന്ന് ഇവർ പറഞ്ഞു. ഭർത്താവിനോട് കുട്ടി വികൃതി കാണിക്കുന്നെന്നും അത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും ഇവർ നേരത്തേ വിളിച്ച് പരാതിപ്പെട്ടിരുന്നു.

പുണെക്ക് സമീപമുള്ള പിംപ്രി ചിഞ്ച്വാടിലെ ഭലേകർ നഗറിൽ കുഞ്ഞിന്റെ അമ്മൂമ്മയുടെ മരണാനന്തര ചടങ്ങുകൾക്ക് വേണ്ടി കുടുംബാംഗങ്ങൾ പോയ സമയത്തായിരുന്നു കൊലപാതകം. സവിതയും നാല് വയസ്സുകാരി ദിശയും ആറ് മാസം പ്രായമുള്ള മകനുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിൽ വികൃതി കാണിച്ച കുട്ടിയോട് അടങ്ങിയിരിക്കാൻ നിർദേശിച്ചെങ്കിലും കുട്ടി അനുസരിച്ചില്ല. അൽപ്പസമയം കഴിഞ്ഞപ്പോൾ നിയന്ത്രണം നഷ്ടമായ സവിത തല ചുമരിൽ ഇടിച്ചും മൊബൈൽ റീചാർജറിന്റെ വയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുമാണ് കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

അമ്മയുടെ മരണാന്തര ചടങ്ങുകൾ പൂർത്തിയാക്കി തിരികെയെത്തിയ ഭർത്താവ് ദീപക് അർജ്ജുൻ കക്കഡേ വീട്ടിലെ ഹാളിൽ ഇരിക്കുന്ന സവിതയേയും മകളുടെ ചലനമറ്റ ശരീരവും കണ്ട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കൊലപാതകക്കുറ്റമാണ് സവിതയുടെ മേൽ ചുമത്തിയിട്ടുള്ളത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പിംപ്രി ചിഞ്ച്വാടിലെ സാംഗ്വി പോലീസ് ഇൻസ്‌പെക്ടര്ർ പറഞ്ഞു.