National
ഹോര്‍മുസില്‍ കുടുങ്ങിക്കിടന്ന ജഗ് വസന്ത് ഗുജറാത്ത് തീരത്തെത്തി; കപ്പലിലുള്ളത് 47,699 മെട്രിക് ടണ്‍ എല്‍ പി ജി
രാജ്യത്ത് പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകള്‍ക്കിടയില്‍ കപ്പലിന്റെ വരവ് വലിയ ആശ്വാസമായാണ് കാണുന്നത്.
വാദിനാര്‍ | ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തില്‍ തടസ്സങ്ങള്‍ തുടരുന്നതിനിടെ, എല്‍പിജി ടാങ്കറായ ജഗ് വസന്ത് വ്യാഴാഴ്ച വൈകിട്ടോടെ ഗുജറാത്തിലെ തുറമുഖത്ത് നങ്കൂരമിട്ടു. മിഡില്‍ ഈസ്റ്റിലെ യുദ്ധത്തെത്തുടര്‍ന്ന് ഏകദേശം 23 ദിവസത്തോളം കടല്‍പ്പാതയില്‍ കുടുങ്ങിക്കിടന്ന ശേഷമാണ് കപ്പല്‍ വാദിനാര്‍ തുറമുഖത്ത് എത്തിയത്. രാജ്യത്ത് പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകള്‍ക്കിടയില്‍ കപ്പലിന്റെ വരവ് വലിയ ആശ്വാസമായാണ് കാണുന്നത്.
കഴിഞ്ഞ ഒരു മാസത്തോളമായി യു എസും ഇസ്‌റാഈലും ആക്രമിച്ചതിനെ തുടര്‍ന്നാണ് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഏതാണ്ട് പൂര്‍ണ്ണമായും അടച്ചിട്ടത്. ഇതിനെ തുടര്‍ന്ന് അവിടെ കുടുങ്ങിയ നിരവധി ടാങ്കറുകളില്‍ ഒന്നാണിത്. 47,600 മെട്രിക് ടണ്‍ എല്‍പിജിയാണ് ഈ കപ്പലിലുള്ളത്.
മറ്റൊരു എല്‍പിജി ടാങ്കറായ പൈന്‍ ഗ്യാസ് ഉടനെ തന്നെ ന്യൂ മംഗളൂരു തുറമുഖത്ത് എത്തും. ഇതില്‍ 45,000 മെട്രിക് ടണ്‍ എല്‍പിജി ഉണ്ട്. ഈ കപ്പലുകളിലെ 60 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഈ രണ്ട് കപ്പലുകളുടെയും വരവോടെ ഇന്ത്യയുടെ നിലവിലെ സ്റ്റോക്കിലേക്ക് 92,000 മെട്രിക് ടണ്ണിലധികം എല്‍പിജി കൂടി കൂട്ടിച്ചേര്‍ക്കപ്പെടും. ഇത് രാജ്യത്തെ ഏകദേശം ഒരു ദിവസത്തെ പാചകവാതക ഉപഭോഗത്തിന് തുല്യമാണ്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് കടന്ന് രണ്ട് വലിയ എല്‍പിജി ടാങ്കറുകള്‍ ഇതിനകം ഇന്ത്യയില്‍ എത്തിയിട്ടുണ്ട്.


