ആന്റണി തുടക്കമിട്ടു; മോദി പൂര്‍ത്തീകരിച്ചു; റഫാല്‍ ഇന്ത്യയിലെത്തിയത് ഇങ്ങനെ

Posted on: July 29, 2020 4:37 pm | Last updated: July 29, 2020 at 9:33 pm

ന്യൂഡല്‍ഹി| ഇന്ത്യക്ക് റഫാല്‍ എന്നത് വെറുമൊരു യുദ്ധവിമാനം മാത്രമല്ല. രാഷട്രീയ യുദ്ധം തന്നെയാണ്. 2012ല്‍ ആന്റണി തുടക്കമിട്ട റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നത് നരേന്ദ്രമോദിയാണ്. ഇതിനിടയില്‍ നിരവധി രാഷട്രീയ യുദ്ധങ്ങളിലൂടെയാണ് റാഫേല്‍ കടന്ന് പോയത്.

2012ല്‍ യു പി എ സര്‍ക്കാറിന്റെ കാലത്ത് എ കെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന സമയത്താണ് ഫ്രഞ്ച് കമ്പനിയായ ദസോയുമായി റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് കരാര്‍ ഒപ്പിട്ടത്. ആകാശത്ത് നിന്ന്് ഭൂമിയിലേക്ക് ആക്രമണം നടത്താനും ശത്രു വിമാനങ്ങളോട് പോരാടാനും ശേഷിയുള്ള യുദ്ധവിമാനങ്ങള്‍ ആണ് ഇവ. ഏറ്റവും കുറഞ്ഞ നിരക്കില്‍ ടെന്‍ഡര്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് റാഫേല്‍ വിമാന നിര്‍മാതാക്കളായ ദസോയുമായി ഇന്ത്യന്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്.

അമേരിക്കയിലെയും യുറോപ്പിലെയും കമ്പനികളെ മറികടന്നാണ് ദസോ ഏവിയേഷനെ സര്‍ക്കാര്‍ തിരഞ്ഞെടുത്തതെന്നതും ശ്രദ്ദേയമാണ്. 54,000കോടിക്ക് 126 റഫേല്‍ വിമാനങ്ങള്‍ വാങ്ങുകയും അതിന്റെ സാങ്കേതിക വിദ്യ ഇന്ത്യയിലെത്തിക്കുകയും ചെയ്യാനായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേശം. ഇതില്‍ 18 വിമാനങ്ങള്‍ പൂര്‍ണമായി നിര്‍മിച്ചവയും, 108 വിമാനങ്ങള്‍ ബംഗലൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ അന്തിമ നിര്‍മ്മാണം സാധ്യമാക്കുകയും ചെയ്യുന്ന രീതിയില്‍ വാങ്ങുക എന്നതായിരുന്നു തീരുമാനം. എന്നാല്‍ എ കെ ആന്റണി കേന്ദ്ര പ്രതിരോധ മന്ത്രി ആയിരുന്ന യു പി എ സര്‍ക്കാരിന്റെ കാലത്ത് ഈ ചര്‍ച്ച കരാറിലെത്തിയില്ല.

എന്നാല്‍ 2015 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തിയപ്പോള്‍ ഈ കരാര്‍ വീണ്ടും ചര്‍ച്ചയായി. അന്ന് മോദിയോടൊപ്പം റിലയന്‍സ് ഉടമ അനില്‍ അംബാനിയും കൂടെയുണ്ടായിരുന്നു. ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ ഇന്ത്യ 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. പിന്നീട് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 2016 സെപ്റ്റംബറില്‍ ഇത് സംബന്ധിച്ച് കരാര്‍ ഒപ്പുവെച്ചു.

കരാറില്‍ ചില ഭേദഗതികള്‍ വരുത്തി. 126 വിമാനത്തില്‍ നിന്ന് 36 വിമാനമാക്കി. ഈ 36 വിമാനങ്ങളും ഫ്രാന്‍സില്‍ നിന്ന് വാങ്ങാനായിരുന്നു തീരുമാനം. പക്ഷെ ഈ കരാറില്‍ സാങ്കേതിക വിദ്യാ കൈമാറ്റം ഇല്ല. വില 10.2 ബില്യണ്‍ ഡോളറില്‍ നിന്ന് 8.7 ബില്യണ്‍ ഡോളറായി. 60,000 കോടിയുടെ കരാറാണ് മോദി ഒപ്പുവെച്ചത്. അതായത് 126 എണ്ണം വാങ്ങുമ്പോള്‍ നല്‍കുന്നതിനേക്കള്‍ വില 36 എണ്ണം വാങ്ങുമ്പോള്‍ നല്‍കണമെനന്താണ് വിചിത്രം. പഴയ കരാറിനേക്കാള്‍ ഏകദേശം മൂന്നിരിട്ടി വിലക്കാണ് പുതിയ കരാര്‍ ഒപ്പിട്ടത്.

പുതിയ കരാറിനെ ചൊല്ലി ഇന്ത്യയില്‍ വന്‍ രാഷ്ട്രീയ വിവാദത്തിന് തുടക്കം കുറിച്ചു. റിലയന്‍സ് എയ്‌റോ സ്ട്രക്ച്ചര്‍ എന്ന അനില്‍ അംബാനിയുടെ കമ്പനി ദസോള്‍ട്ട് ഏവിയോഷനുമായി ചേര്‍ന്ന് ദസോള്‍ട്ട് റിലയന്‍സ് ആരോ സ്‌പെയിസ് എന്ന കമ്പനി തുടങ്ങിയത് ഈ കരാര്‍ ലക്ഷ്യമിട്ടെന്നായിരുന്നു കോണ്‍്ഗ്രസിന്റെ ആരോപണം. 126ല്‍ നിന്ന് 36 ആയി വിമാനങ്ങള്‍ കുറച്ചുവെങ്കിലും വില കുറച്ചില്ലെന്ന് മാത്രമല്ല അത് കൂട്ടിയെന്നും ഇതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

എന്നാല്‍ കരാറില്‍ അവ്യക്തതയില്ലെന്നും കരാര്‍ കോണ്‍ഗ്രസാണ് കൊണ്ടുവന്നതെന്നും ബി ജെ പി തിരിച്ചടിച്ചു. ഫ്രാന്‍സും ഇന്ത്യയും തമ്മില്‍ കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. 715 കോടി രൂപയില്‍ നിന്ന് 1,600 കോടി രൂപയായി വര്‍ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇത് അഴിമതിയാണെന്നും തിവാരി ആരോപിച്ചിരുന്നു.

അതേസമയം, വിവാദമായ റാഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാകരിന്റെ നിലപാട്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുണ്ടാക്കിയ കരാര്‍ രഹസ്യമായി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥയെന്നും കേന്ദ്രം പറഞ്ഞിരുന്നു.