Connect with us

Covid19

രാജ്യത്ത് ആദ്യം; യുവതിയിൽ നിന്ന് ഗർഭസ്ഥശിശുവിന് കൊവിഡ് ബാധിച്ചതായി റിപ്പോർട്ട്

Published

|

Last Updated

മുംബൈ| രാജ്യത്ത് ആദ്യമായി മറുപിള്ളയിലൂടെ അമ്മയിൽ നിന്ന് കുഞ്ഞിന് കൊറോണവൈറസ് ബാധിച്ചതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ സസൂൺ ജനറൽ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിന് ഓക്‌സിജനും പോഷകങ്ങളും എത്തിക്കുന്ന മറുപിള്ളയിലൂടെയാണ് രോഗസംക്രമണം നടന്നിരിക്കുന്നത്. പ്രധാനമായും അണുബാധക്ക് കാരണമാകുന്ന വസ്തുക്കളുമായുള്ള സമ്പർക്കമാണ് ഇതിന് കാരണമെന്ന് ആശുപത്രി പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ആരതി കിനികർ പറഞ്ഞു.

സാധാരണയായി മാതാവിന് രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ മുലയൂട്ടൽ അല്ലെങ്കിൽ മറ്റേതെങ്കിലും സമ്പർക്കങ്ങൾ മൂലം പ്രസവാനന്തരം മൂന്ന് നാല് ദിവസത്തിന് ശേഷം കുഞ്ഞിനും രോഗം ബാധിക്കാം. എന്നാൽ കുഞ്ഞ് ഗർഭാശയത്തിലായിരിക്കുമ്പോഴും മാതാവിന് അണുബാധയുണ്ടാകുമ്പോഴും മറുപിള്ളയിലൂടെ അണുബാധ കൈമാറാൻ കഴിയും. അവർ പറഞ്ഞു.

പ്രസവത്തിന് ഒരാഴ്ച മുമ്പ് സ്ത്രീക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. എന്നാൽ എല്ലാ ഗർഭിണികളെയും കൊവിഡ് പരിശോധനക്ക് വിധേയരാക്കണമെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചി (ഐ സി എം ആർ)ന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനാ ഫലത്തിൽ യുവതി കൊവിഡ് നെഗറ്റീവ് ആയിരുന്നു.

അതേസമയം, ജനനശേഷം കുട്ടിയുടെ മൂക്കിലെ സ്രവവും പൊക്കിൾകൊടിയും മറുപിള്ളയും പരിശോധനക്ക് അയച്ചപ്പോൾ ഫലം പോസിറ്റീവ് ആയിരുന്നു. പിന്നീട് കുഞ്ഞിനെ പ്രത്യേക വാർഡിലാണ് പ്രവേശിപ്പിച്ചത്. ജനിച്ച് രണ്ട് മൂന്ന് ദിവസത്തിന് ശേഷം കുഞ്ഞിന് ശക്തമായ പനിയുണ്ടാകുകയും തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. രണ്ടാഴ്ചക്ക് ശേഷം സുഖം പ്രാപിച്ച മാതാവിനെയും കുഞ്ഞിനെയും ഡിസ്ചാർജ് ചെയ്തതായും ഡോക്ടർ പറഞ്ഞു.

ഇത് വളരെ വെല്ലുവിളി നിറഞ്ഞ കേസായിരുന്നെന്നും ഗർഭസ്ഥശിശുവിലേക്ക് വൈറസ് ബാധ നേരിട്ട് പകരുന്ന ആദ്യത്തെ സംഭവമാണിതെന്നും ആശുപത്രി ഡീൻ ഡോ.മുർലിധർ തംബെ അവകാശപ്പെട്ടു.