Connect with us

Covid19

കൊവിഡ് സ്ഥിരീകരണത്തിന് നായ്ക്കളും; 94 ശതമാനം കൃത്യതയെന്ന് പഠനം

Published

|

Last Updated

ന്യൂഡൽഹി| കൊറോണവൈറസ് കേസുകൾ കണ്ടെത്താൻ നായ്ക്കളെ പരിശീലിപ്പിച്ച് ജർമൻ വെറ്ററിനറി സർവകലാശാല. സ്രവ – അന്റിബോഡി പരിശോധനകൾക്കെല്ലാം അതീതമായി 94 ശതമാനം കൃത്യതയോടെ വൈറസ് കേസുകൾ കണ്ടെത്താൻ നായ്ക്കൾക്ക് കഴിയുന്നുണ്ടെന്ന് ജർമൻ ഗവേഷകർ പഠനത്തിൽ പറയുന്നു. സായുധസേനയിൽ നിന്നുള്ള എട്ട് നായകൾക്ക് ഒരാഴ്ച നൽകിയ പരിശീലനത്തിനൊടുവിൽ 1,000പേരിൽ നിന്ന് കൊവിഡ് 19 പോസിറ്റീവ് കേസുകളെ 94 ശതമാനം കൃത്യതയോടെ നായ്ക്കൾ തിരിച്ചറിഞ്ഞതായി യുനിവേഴ്‌സിറ്റി ഓഫ് വെറ്ററിനറി മെഡിസിൻ ഹാനോവർ അധികൃതർ പറയുന്നു.

വൈറസ് ബാധിച്ചവരുടേതുൾപ്പെടെ ആയിരം പേരുടെ ഉമിനീരാണ് നായ്ക്കൾക്ക് മണത്തുനോക്കാനായി നൽകിയത്. ഇതിൽ നിന്ന് രോഗബാധിതരുടെ സാമ്പിളുകൾ വ്യക്തമായി കണ്ടെത്താൻ ഇവക്ക് കഴിഞ്ഞു. രോഗബാധിതന്റെ മെറ്റബോളിസം തികച്ചും വ്യത്യസ്തമാണെന്നും നായ്ക്കൾക്ക് മണത്തിലൂടെ ഈ വ്യത്യാസം പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുമെന്നും ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ പറഞ്ഞു. മനുഷ്യനേക്കാൾ 1000 മടങ്ങ് ശക്തമാണ് മൃഗങ്ങളുടെ ഘ്രാണശക്തി.

വിമാനത്താവളങ്ങൾ, അതിർത്തി നിയന്ത്രണ രേഖകൾ, സ്‌റ്റേഡിയങ്ങൾ,മറ്റ് തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിലെ വൈറസ് കേസുകൾ എളുപ്പത്തിൽ തിരിച്ചറിയാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നാണ് ഗവേഷകർ കരുതുന്നത്.

ജർമ്മൻ സായുധ സേനയും ഹാനോവർ വെറ്ററിനറി സ്‌കൂളും സംയുക്തമായാണ് പഠനം നടത്തിയത്. കൊവിഡ് 19നെ ഇൻഫ്ളുവൻസ പോലുള്ള മറ്റ് രോഗങ്ങളിൽ നിന്ന് വേർതിരിച്ചറിയാൻ നായ്ക്കളെ പരിശീലിപ്പിക്കുകയാണ് അടുത്തഘട്ടമെന്ന് ഗവേഷകർ പറഞ്ഞു.

Latest