Kerala
സ്വര്‍ണക്കടത്ത്: ശിവശങ്കറിനെ വിട്ടയച്ചു; ചോദ്യം ചെയ്യൽ നാളെയും തുടരും

കൊച്ചി | സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ സംഘം വീണ്ടും ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചി കടവന്ത്രയിലെ എന്‍ഐഎ ആസ്ഥാനത്ത് രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വെെകീട്ട് ഏഴ് മണിയോടെയാണ് പൂർത്തിയായത്. എന്‍ഐഎ ദക്ഷിണ മേഖലാ മേധാവി കെ ബി വന്ദനയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനായി നാളെയും ഹാജരാകാൻ എൻഐഎ അദ്ദേഹത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ഹാജരാകാനായി രാവിലെ ഒന്‍പതരയോടെയാണ് ശിവശങ്കര്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് എത്തിയത്. എന്‍ഐഎ സംഘം ഇത് രണ്ടാം തവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ആദ്യതവണ ചോദ്യം ചെയ്യല്‍ ഒന്‍പത് മണിക്കൂര്‍ നീണ്ടുനിന്നിരുന്നു. നേരത്തെ കസ്റ്റംസും അദ്ദേഹത്തെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കസ്റ്റസ് അന്വേഷിക്കുന്നതെങ്കില്‍ സ്വര്‍ണക്കടത്ത് തീവ്രവാദികളെ സഹായിക്കാന്‍ വേണ്ടിയായിരുന്നേ എന്ന കാര്യമാണ് എന്‍ഐഎ അന്വേഷിക്കുന്നത്.
രണ്ട് അന്വേഷണ സംഘങ്ങളുടെയും ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ നല്‍കിയ മറുപടിയിലുള്ള പൊരുത്തക്കേടുകളും പ്രതികളുമായി അദ്ദേഹത്തിനുള്ള അടുത്ത ബന്ധവുമാണ് വീണ്ടും ചോദ്യം ചെയ്യലിലേക്ക് നയിച്ചത്. കേസിലെ പ്രതി സരിത്ത് ശിവശങ്കറിന് എതിരെ എന്‍ഐഎക്ക് മൊഴി നല്‍കിയിരുന്നു. ഇതും നിര്‍ണായകമായി.
ശിവശങ്കറിന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് ഉള്‍പ്പെടെ പ്രതികളുമായുള്ള ബന്ധം സ്വരണക്കടത്തിന് സഹായകമായിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. പ്രതികളുമായി തനിക്ക് സൗഹൃദമുണ്ടെന്നും എന്നാല്‍ സ്വര്‍ണക്കടത്ത് അറിഞ്ഞിരുന്നില്ലെന്നും ശിവശങ്കര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയെങ്കിലും തെളിവുകള്‍ പലതും അദ്ദേഹത്തിന് എതിരാണ്. സ്വര്‍ണം പിടികൂടിയ ദിവസം സ്വപ്‌ന സുരേഷിനെയും യുഎഇ അറ്റാഷെയേയും ശിവശങ്കര്‍ പലതവണ വിളിച്ചത് സംശയാസ്പദമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് തീവ്രവാദ ബന്ധമുള്ള ഒരു കേസില്‍ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്.