International
ബംഗ്ലാദേശ് വെള്ളപ്പൊക്കത്തിൽ 119 മരണം

ധാക്ക| ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായി. 119പേർ മരിച്ചു. ദുരന്ത പ്രതികരണ ഏകോപന കേന്ദ്രത്തിന്റെ പ്രതിദിന വെള്ളപ്പൊക്ക റിപ്പോർട്ട് അനുസരിച്ച് 21 ജില്ലകളിലുള്ളവരെയാണ് പ്രളയക്കെടുതി രൂക്ഷമായി ബാധിച്ചതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ടിൽ പറയുന്നു.
119പേരിൽ 96 പേർ വെള്ളത്തിൽ മുങ്ങിയും 13പേർ പാമ്പ് കടിയേറ്റും എട്ട് പേർ മിന്നലേറ്റും ഒരാൾ വയറിളക്കം മൂലവുമാണ് മരിച്ചത്.വെള്ളപ്പൊക്കം അഞ്ച് ദശലക്ഷം പേരെ ബാധിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. വീടുകൾ, വിളകൾ,റോഡുകൾ ദേശീയപാതകൾ എന്നിവക്കെല്ലാം വ്യാപക നാശനഷ്ടമുണ്ടായി.
കഴിഞ്ഞ ആഴ്ച മുതൽ പ്രധാന നദികൾ കരകവിഞ്ഞൊഴുകിയതിനാൽ മിക്ക ഭൂപ്രദേശങ്ങളും വെള്ളത്തിലായി. ഇന്ത്യൻ അതിർത്തിക്കപ്പുറത്തുള്ള കുന്നുകളിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്നത് രാജ്യത്തെ സ്ഥിതി കൂടുതൽ വഷളാക്കുന്നതായി അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യാനും ദുരന്തനിവാരണസേനയെ ചുമതലപ്പെടുത്തിയതായി സംസ്ഥാന ദുരന്തനിവാരണ ദുരിതാശ്വാസ മന്ത്രി എം ഡി എനാമൂർ റഹ്മാൻ പറഞ്ഞു.
കൊവിഡ് വ്യാപനത്തിനിടെയുണ്ടായ പ്രളയത്തെ നേരിടാൻ കൂടുതൽ ജാഗ്രതാ നടപടികൾ കൈക്കൊള്ളണമെന്ന് പ്രധാനമന്ത്രി ശെയ്ഖ് ഹസീന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.