Connect with us

National

ഡല്‍ഹി വംശഹത്യ: രാജ്യദ്രോഹ കുറ്റം ചുമത്തി ഷര്‍ജീല്‍ ഇമാമിനെതിരേ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി| ജവഹര്‍ലാല്‍ നെഹ്‌റു യുനിവേഴ്‌സിറ്റി മുന്‍ പിഎച്ഡി സ്‌കോളര്‍ ഷര്‍ജീല്‍ ഇമാമിനെതിരേ യു എ പി എ ചുമത്തി പട്യാല ഹൈക്കോടതിയില്‍ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ജാമിയ മില്ലിയ, അലിഗഡ് യുണിവേഴ്‌സിറ്റികളില്‍ സി എ എക്കും എന്‍ ആര്‍ സിക്കുമെതിരേ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് അദ്ദേഹത്തിനെതിരേ യു എ പി എ ചുമത്തിയത്.

2019 ഡിസംബറില്‍ ജാമിയ മിലിയ്യ യുണിവേഴ്‌സിറ്റിക്ക് പുറത്ത് നടന്ന പ്രതിഷേധത്തിന് കാരണം ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗമാണെന്നും പോലീസ് കുറ്റപത്രത്തില്‍ ആരോപിച്ചു. ഏപ്രിലില്‍ ഷര്‍ജീലിനെതിരേ ഡല്‍ഹി പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിക്കടുത്തുള്ള പ്രദേശത്ത് കലാപത്തിന് കാരണമായെന്നും ജനങ്ങള്‍ തമ്മില്‍ ശത്രുത വര്‍ധിക്കുന്നതിന് കാരണമായെന്നും പോലീസ് ആരോപിച്ചു.

ജനുവരി 28ന് ബീഹാറിലെ ജഹനാബാദില്‍ നിന്നാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്. ഇന്ന് പട്യാല ഹൈക്കോടതയിലാണ് ഷര്‍ജീല്‍ ഇമാമിനെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഷര്‍ജീല്‍ ഇപ്പോള്‍ അസമിലെ ഗുവാഹത്തി സെന്‍ട്രല്‍ ജയിലിലാണ്. ഷര്‍ജില്‍ ഇമാമം പ്രകോപനപരമായ പ്രസംഗം നടത്തിയതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയതായും പോലീസ് ആരോപിക്കുന്നു. ഡല്‍ഹി വംശഹത്യയില്‍ ഷര്‍ജിലിന്റെ പങ്ക് കണ്ടെത്തുന്നതിനായി അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്.

അതേസമയം, ബുധനാഴ്ച നടത്തിയ പരിശോധനയില്‍ ഷര്‍ജിലിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. രാജ്യദ്രോഹ കുറ്റം ചുമത്തിയ ഷര്‍ജീലിനെ നേരത്തേ ഡല്‍ഹിയിലേക്ക് കൊണ്ട് പോകാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അസുഖബാധിതനായതിനാല്‍ അദ്ദേഹത്തെ ഗുവാഹത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുവാഹത്തി സെന്‍ട്രല്‍ ജയിലിലെ 984 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Latest